കൊച്ചി : നടിമാർക്കെതിരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു നടി പാർവതി തിരുവോത്തിനെതിരെയുണ്ടായത്. സിനിമയിൽ സ്ത്രീ വിരുദ്ധത നിറയുന്നുവെന്ന വാദമുയർത്തി സ്ത്രീകൾക്കായി നിലകൊണ്ടതിനാണ് പാർവതിയ്‌ക്കെതിരെ പ്രതിഷേധം അണപൊട്ടിയത്. അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നിട്ടും ഇതിന് ശേഷം ചാൻസുകൾ ലഭിക്കാത്ത അവസ്ഥ വരെ താരത്തിനുണ്ടായി. തനിക്ക് അവസരം വല്ലാതെ കുറയുന്നുവെന്ന് പാർവതി പറഞ്ഞത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശമായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്.

അത് കഥാപാത്രത്തിന്റെ സ്വഭാവമായിരുന്നുവെന്നും അതിൽ അഭിനേതാവിന് പങ്കില്ലെന്നുമെല്ലാം ഉന്നയിച്ചായിരുന്നു പാർവതിക്കു നേരെ ആക്രമണം നടന്നത്. എന്നാലിപ്പോൾ താൻ എന്താണ് അന്ന് വ്യക്തമാക്കിയത് എന്നതിനെ കുറിച്ച് പറയുകായാണ് താരം. മലയാള മനോരമയുടെ പുതുവർഷച്ചോദ്യം എന്ന പംക്തിയിലെ അവസരം ലഭിച്ചാൽ സിനിമാ സംഭാഷണങ്ങളിൽ നിന്ന് ആദ്യം വെട്ടാൻ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിലായിരുന്നു താരത്തിന്റെ മറുപടി.

'2018ൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തിൽ നിന്നാണ് ഈ ചോദ്യം വരുന്നത്. സിനിമയിൽ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ പാടില്ലെന്നു ഞാൻ പറഞ്ഞിട്ടില്ല. സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാകുമ്പോൾ അത്തരം കഥാപാത്രങ്ങൾ വേണ്ടി വരും. പക്ഷേ അത്തരം കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവൽക്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്' പാർവതി പറയുന്നു

സംഭാഷണത്തിൽ ഇടപെടാൻ അവസരം ലഭിച്ചാലും ഒരു വാക്കും ഒഴിവാക്കും എന്നു പറയാനാവില്ലെന്നും കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന മോശം വാക്കുകളും പ്രയോഗങ്ങളും സിനിമയുടെ വ്യാകരണത്തിലൂടെ എങ്ങനെ പ്രേക്ഷകർക്കു മുന്നിൽ ചിത്രീകരിക്കപ്പെടുന്നു എന്നതാണ് പ്രധാനമെന്നും താരം കൂട്ടിച്ചേർത്തു.