തിരുവനന്തപുരം : മന്ത്രിസ്ഥാനം ആർക്കാണെങ്കിലും സ്ഥാനത്തിരിക്കുമ്പോൾ അർഹിക്കുന്ന പരിഗണനയും സംരക്ഷണവും ഒരു പോലെയാണ്. പൊലീസിന്റെ ഭാഗത്ത് നിന്നും അത് കൃത്യമായി തന്നെ വേണം താനും. കഴിഞ്ഞ ദിവസമുണ്ടായ ഹർത്താലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി ഓടിയടുത്തപ്പോൾ പൈലറ്റ് വാഹനം ഇടിച്ച് തെറിപ്പിച്ചിരുന്നു. അക്രമവുമായെത്തിയവരെ വെറുതെ വിടില്ലെന്ന് കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുകയുമുണ്ടായി.

എന്നാൽ അതേ സമയം തന്നെയാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അദ്ദഹേത്തിന്റെ കാറിനു നേരെ കല്ലെറിഞ്ഞ് സാരമായി പരുക്കേൽപ്പിച്ച കേസ് മുക്കാനായി പൊലീസ് കിണഞ്ഞു ശ്രമിക്കുന്നത്.പിണറായിയുടെ പൈലറ്റ് വാഹനം ഇടിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത് ഇങ്ങനെ: മന്ത്രിമാരുടെ വാഹനങ്ങൾ വഴിയിൽ തടയുന്നതു ഗുരുതര കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കും. എന്നാൽ ഈ നീതി ഉമ്മൻ ചാണ്ടിക്കില്ലേ എന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്.

2013 ഒക്ടോബർ 27 ന് കണ്ണൂർ പൊലീസ് മൈതാനിയിലാണ് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു പരുക്കേൽപ്പിച്ചത്. സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഈ സംഭവത്തിൽ പ്രതികളായ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെ രക്ഷിക്കാൻ വേണ്ടി കേസ് പിൻവലിക്കാൻ ആഭ്യന്തര വകുപ്പിൽ നീക്കം ശക്തമാക്കിയിട്ടുണ്ട്. നിയമോപദേശവും തേടിക്കഴിഞ്ഞു.