പൃഥിരാജിന്റെ സിനിമ കടുവയ്ക്ക് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസിന് സ്റ്റേ.കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയെ തുടർന്നാണ് സ്റ്റേ. തന്റെ ജീവിതം പറയുന്ന സിനിമയായതിനാൽ അത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കുറുവച്ചൻ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഇതേ തുടർന്ന് എറണാകുളം സബ് കോടതിയാണ് ഉത്തരവിട്ടത്.

അതിനാൽ ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ സിനിമ പ്രദർശിപ്പിക്കരുതെന്നാണ് കോടതി ഉത്തരവ്. കൂടാതെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം, സമൂഹമാധ്യമങ്ങൾ എന്നിവയിലും സിനിമയ്ക്ക് വിലക്കുണ്ട്.

കടുവയുടെ നിർമ്മാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് ജിനു വി എബ്രഹാം എന്നിവരടക്കം നാലുപേർ ഹർജിയിൽ എതിർ കക്ഷികളാണ്. ഡിസംബർ 14നാണ് കേസ് വീണ്ടും പരിഗണിക്കുക.

ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ചിത്രത്തിൽ പൃഥ്വിരാജ് കടുവാക്കുന്നേൽ കുറുവച്ചനായാണ് എത്തുന്നത്. വിവേക് ഒബ്രോയി, സംയുക്ത മേനോൻ എന്നിവരും ചിത്രത്തിലുണ്ട്.