ആലപ്പുഴ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാണിച്ച് അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി എം. ലിജു ഉയർത്തിയ പ്രതിഷേധം ഒടുവിൽ ഫലം കണ്ടു. ഉദ്യോഗസ്ഥർ നേരിട്ടെത്തി സെന്റ് ജോസഫ് സ്‌കൂളിലെ സ്‌ട്രോങ് റൂമിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. വാതിലുകളും ജനാലകളും പട്ടിക അടിച്ച് വീണ്ടും സീൽ ചെയ്തു. ഇതോടെ കേന്ദ്രത്തിൽ എം ലിജു നടത്തിവന്ന കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.

സ്ട്രോങ് റൂമിന് ചട്ടങ്ങൾ അനുശാസിക്കുന്ന പ്രകാരമുള്ള സുരക്ഷയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ലിജു ബുധനാഴ്ച കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സ്‌കൂളിന് പുറത്ത് ധാരാളം കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. നാല് സ്ട്രോങ് റൂമുകളിലായി 189 വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പ്രതിഷേധത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും പാലിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു.

സാധാരണ രീതിയിൽ സ്‌ട്രോങ് റൂമിന്റെ വാതിലിന് പുറത്ത് പലക അടിച്ച് സുരക്ഷ ഒരുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകൻ അനുവദിക്കുന്നില്ലെന്നായിരുന്നു ലിജു ആരോപിച്ചിരുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് അധികൃതരും കോൺഗ്രസിന്റെ ചീഫ് ഇലക്ഷൻ ഏജന്റും ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിരീക്ഷകൻ ഇതിന് തയ്യാറാകുന്നില്ലെന്നും ലിജു ആരോപിച്ചു.

ലിജുവിന്റെ സമരത്തിന് പിന്നാലെ എൽ.ഡി.എഫും സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. അമ്പലപ്പുഴയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എച്ച്. സലാമിന്റെ ബൂത്ത് ഏജന്റും സ്ഥലത്തെത്തി കാര്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെ അകത്തേക്ക് കടത്തിവിട്ടില്ല.

നാളെ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ റിട്ടേണിങ് ഓഫീസർ അറിയിച്ചത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഉടൻ തീരുമാനം എടുക്കുകയായിരുന്നു.