കൊച്ചി: പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് ഗ്രിഗോറിയൻ പബ്ലിക് സ്‌ക്കൂളിലെ വിദ്യാർത്ഥിനിയും മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെയും, ജസ്സിയുടെയും ഇളയ മകളുമായ നെഹിസ്യ(17)യാണ് മരിച്ചത്. തലയും, മുഖവും പ്ലാസ്റ്റിക് കവർ കൊണ്ട് മറച്ച നിലയിൽ കിടക്കയിൽ മരിച്ച നിലയിൽ കണ്ടത്തിയത്.

വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവർ തല വഴി മൂടി മുഖം മറച്ച നിലയിലും, കഴുത്തിൽ കയർ കെട്ടിയിരുന്നതായും കാണപ്പെട്ടു. രാവിലെ ഏഴിന് എഴുന്നേൽക്കാറുള്ള കുട്ടി ഒൻപത് മണിയായിട്ടും എഴുന്നേൽക്കാതിരുന്നതിനാൽ കുട്ടിയുടെ പിതാവും,സഹോദരിയും ചേർന്ന് അയൽക്കാരനായ സാഗരൻ എന്നയാളെ വിളിച്ച് കൊണ്ടുവന്ന് വാതിൽ ചവിട്ടിപൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടത്.

മരട് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഫോറൻസിക് വിഭാഗത്തെ വിളിച്ചു വരുത്തി പരിശോധന നടത്തി. കൊലപാതകമാണെങ്കിൽ മുകളിലെ കിടപ്പുമുറിയിൽ നിന്നും കൊലപാതക ശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ട ലക്ഷണമില്ലെന്ന് പൊലീസ് പറഞ്ഞു.

പഠിക്കാൻ മിടുക്കിയായ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം നടന്ന ക്ലാസ് പരീക്ഷയിൽ ഒന്നൊ രണ്ടൊ മാർക്കിന്റെ കുറവുണ്ടായതിന് പിതാവ് ശാസിച്ചതായും അറിയുന്നു. സംഭവ സമയത്ത് വീട്ടിൽ പിതാവും, മൂത്ത സഹോദരിയും മാത്രമെ ഉണ്ടായിരുന്നുള്ളു. മാതാവ് ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച പിറന്നാൾ ആഘോഷത്തിന് കൂട്ടുകാരെ ക്ഷണിച്ച് വരുത്തി ആഘോഷിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി മരട് പൊലീസ് അറിയിച്ചു. ഞാൻ പോകുന്നു എന്ന് മാത്രമാണ് കുറിപ്പിൽ ഉണ്ടായിരുന്നതെന്നും മരണത്തിൽ അസ്വാഭാവികത പ്രാഥമിക അന്വേഷണത്തിൽ ഇല്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ അസ്വാഭാവികത ഉണ്ടോ എന്നറിയാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്.