തിരുവനന്തപുരം: പോത്തൻകോട് പട്ടാപ്പകൽ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസിൽ നാലുപേർ പിടിയിൽ. കൊലയാളികൾക്ക് സഹായം ചെയ്ത മൂന്നുപേരും കൃത്യത്തിൽ പങ്കെടുത്ത ഒരാളുമാണ് പിടിയിലായത്. മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പത്തംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊല ചെയ്യാൻ ലക്ഷ്യമിട്ട് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു സംഘം എത്തിയത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകപോക്കലാണ് അക്രമണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

പ്രതികൾ കൊലയ്ക്ക് മുമ്പ് ട്രയൽ റൺ നടത്തിയും ആസൂത്രണം കടുപ്പിച്ചിരുന്നു. മംഗലപുരം മങ്ങോട്ട് പാലത്തിൽ വച്ച് ബോംബ് എറിഞ്ഞായിരുന്നു ട്രയൽ. ഇതിന് പിന്നാലെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികൾ കൊലപ്പെടുത്തിയത്. വധശ്രമം ഉൾപ്പടെ അടിപിടി കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷും.

സുധീഷ് ഒളിച്ച് താമസിച്ചിരുന്ന പോത്തൻകോട് കല്ലൂരിൽ ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗംസംഘം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു.

ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകൾ എത്തുന്നതിന്റെയും കാൽ റോഡിലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ആറ്റിങ്ങൽ വധശ്രമക്കേസിൽ പ്രധാന പ്രതിയായിരുന്നു സുധീഷ്. ഇയാൾ പാണൻവിള പണയിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഇതറിഞ്ഞെത്തിയ ഗുണ്ടാസംഘത്തെ കണ്ട് ഭയന്ന് സുധീഷ് വീട്ടിൽ കയറി ഒളിച്ചു. വീട്ടിന്റെ ജനലുകളും വാതിലും തകർത്ത ഗുണ്ടാസംഘം വീടിനകത്തു കയറി സുധീഷിനെ വെട്ടിക്കൊല്ലുകയായിരുന്നു. പാണൻ വിള വീട്ടിൽ സജീവിന്റെ വീട്ടിലാണ് സുധീഷ് ഓടി കയറിയത്. സജീവിന്റെ എട്ടും പത്തും വയസായ കുഞ്ഞുങ്ങളുടെ മുന്നിലിട്ടാണ് സുധീഷിനെ വെട്ടിയത്. സുധീഷിന്റെ ഭാര്യ അശ്വതി. മകൾ ആരാധിക.