കോഴിക്കോട്: സിപിഎം നേതാക്കളുടെ ശല്യം കാരണം ജീവിതം പൊറുതിമുട്ടിയ ഭിന്നശേഷിക്കാരൻ നേതാവിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. വിവിധ തൊഴിലുകൾചെയ്ത് ജീവിതമാർഗം കണ്ടെത്തുന്ന തന്റെ സ്ഥാപനം പൂട്ടിച്ചതിൽ കാരണക്കാരനായി എന്നാരോപിച്ചാണ് സിപിഎം. പഞ്ചായത്തംഗത്തിന്റെ വീടിനുസമീപം ഭിന്നശേഷിക്കാരന്റെ ആത്മഹത്യക്ക് ശ്രമിച്ചത്. കോഴിക്കോട് കണ്ണൂക്കരയിലാണ് സംഭവം.

ഭിന്നശേഷിക്കാരനായ പ്രശാന്താണ് പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഏറാമല പഞ്ചായത്തിലെ പതിനേഴാം വാർഡ് അംഗവും സിപിഎം. പ്രാദേശിക നേതാവുമായ രാമകൃഷ്ണന്റെ വീടിന് സമീപമായിരുന്നു ആത്മഹത്യാശ്രമം. ജീവിതമാർഗങ്ങൾ ഓരോന്നായി സിപിഎം നേതാക്കൾ ഇടപെട്ട് ഇല്ലാതാക്കി. ആട് വളർത്താനും കോഴി വളർത്താനും സമ്മതിച്ചില്ല. ഏറ്റവും ഒടുവിൽ പൊറോട്ട നിർമ്മാണ യൂണിറ്റ് പൂട്ടിച്ചു. തന്നെ ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും മക്കളെ പോറ്റാൻ വഴിയില്ലെന്നുമാണ് പ്രശാന്തിന്റെ ആരോപണം.

രാമകൃഷ്ണന്റെ വീട്ടിനടുത്തുള്ള മണലോളി പാലത്തിനടുത്ത് വൈകീട്ട് മുതൽ കുത്തിയിരുന്ന പ്രശാന്ത് സന്ധ്യയോടെ പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യശ്രമം നടത്തുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ആംബുലൻസിൽ വടകര ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

അടുത്തിടെയാണ് പൊറോട്ട അടക്കമുള്ള ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് പ്രശാന്ത് ആരംഭിച്ചത്. എന്നാൽ ലൈസൻസ് ഇല്ലാത്തതിനാൽ ചൊവ്വാഴ്ച ആരോഗ്യവിഭാഗം അധികൃതർ സ്ഥലത്തെത്തി സ്ഥാപനം പൂട്ടിക്കുകയായിരുന്നു. തനിക്കെതിരേ നിരന്തരം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതികൾ നൽകിയാണ് സ്ഥാപനം പൂട്ടിച്ചതെന്നാണ് പ്രശാന്തിന്റെ ആരോപണം.

അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രാമകൃഷ്ണൻ പറഞ്ഞു. ഭിന്നശേഷിക്കാരനായ പ്രശാന്തിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന്റെ ഉടമ കരുവാക്കി മുതലെടുപ്പ് നടത്തുകയാണെന്ന് രാമകൃഷ്ണൻ ആരോപിച്ചു. പ്രശാന്തിന്റെ ആത്മഹത്യാശ്രമം നാടകമാണെന്നും സംഘപരിവാർ നയിക്കുന്ന ഭൂമാഫിയയാണ് ഇതിന്റെ പിന്നിലെന്നും സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷും പ്രതികരിച്ചു.

തനിക്കെതിരേയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രാമകൃഷ്ണൻ പറഞ്ഞു. ഭിന്നശേഷിക്കാരനായ പ്രശാന്തിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന്റെ ഉടമ കരുവാക്കി മുതലെടുപ്പ് നടത്തുകയാണെന്ന് രാമകൃഷ്ണൻ ആരോപിച്ചു. ഭൂമാഫിയ വാങ്ങിയ തണ്ണീർത്തടത്തിന് സമീപം കണ്ണൂക്കര സ്വദേശിയായ ഭിന്ന ശേഷിക്കാരനെ താമസിപ്പിക്കുകയായിരുന്നു. മത്സ്യക്കൃഷി തുടങ്ങുകയും പിന്നീട് അയാളെ മുൻനിർത്തി തണ്ണീർത്തടം നികത്താൻ ഉള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. മണ്ണും കല്ലും ഇട്ട് തണ്ണീർത്തടം നികത്താനും ശ്രമിച്ചു. ഇതിനെ ഡിവൈഎഫ്ഐ എതിർത്തതിൽ ഉള്ള പ്രതിഷേധമാണ് ആത്മഹത്യാ നാടകം എന്നും ടി പി ബിനീഷ് പറഞ്ഞു.