കാസർകോട്: മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകി സ്ഥാനാർത്ഥിത്വം പിൻവലിച്ചുവെന്ന ആരോപണത്തിൽ ആലുവ സ്വദേശി പികെ സുരേഷ് കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച്  രേഖപ്പെടുത്തി.

ബിജെപി സംസ്ഥാന അധ്യക്ഷനും കോഴ ആരോപണത്തിൽ പ്രതിസ്ഥാനത്തുമുള്ള കെ സുരേന്ദ്രനെതിരെ എസ്സി-എസ്ടി വകുപ്പ് ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പികെ സുരേഷ് കുമാർ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്.

സുരേഷ് കുമാറിനെ കാസർകോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുത്തത്.

പണം നൽകി സ്ഥാനാർത്ഥിത്വം പിൻ വലിപ്പിച്ചെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. സുരേന്ദ്രനെതിരെ തട്ടിക്കൊണ്ടു പോകൽ, തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം.

മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിർദേശപത്രിക പിൻവലിപ്പിക്കാൻ ബിജെപി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ വൈൻ പാർലർ നൽകാമെന്ന് വാഗ്ദാനം ചെയ്തു. രണ്ടര ലക്ഷം രൂപയും ഫോണും നൽകി. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നതെന്നും കെ സുന്ദര നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടിൽ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞിരുന്നു,

മഞ്ചേശ്വരം ഇടതു സ്ഥാനാർത്ഥിയായിരുന്ന വി വി രമേശന്റെ പരാതിയിൽ സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാമെന്ന് കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി നൽകിയത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.