മുംബൈ: നാർക്കോട്ടിക് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ, ആര്യൻ ഖാന് പിന്തുണയുമായി സുനിൽ ഷെട്ടി. ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ അതിന് പിന്നാലെ കൂടും. യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും സുനിൽ ഷെട്ടി ആവശ്യപ്പെട്ടു.

'റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേർ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നതൊക്കെയുള്ളത് നമ്മുടെ അനുമാനങ്ങൾ മാത്രമാണ്. കേസ് നടപടികൾ പുരോഗമിക്കുകയാണെന്നും ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണമെന്നും സുനിൽ ഷെട്ടി വ്യക്തമാക്കി.

സിനിമാ മേഖലയിൽ എന്തെങ്കിലും സംഭവിച്ചാൽ മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങൾ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് മുൻപ് അവനെ ചേർത്തുപിടിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്' സുനിൽ ഷെട്ടി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻ.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.