പയ്യന്നൂർ: പയ്യന്നൂരിൽ ഭർതൃമതിയായ യുവതിയുടെ മരണത്തിൽ അറസ്റ്റു ഉടനെയെന്നു പൊലിസ് അറിയിക്കുമ്പോൾ രാഷ്ട്രീയ വിവാദവും കൊഴുക്കുന്നു. കോറോ സെന്ററിലെ കൊളങ്ങര വളപ്പിൽ കെ.വി സുനിഷ(26) ജീവനൊടുക്കിയതിനു പിന്നിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഗാർഹിക പീഡനമാണെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. എന്നാൽ ഭർത്താവ് വിജീഷിനെ അറസ്റ്റു ചെയ്യാത്തതിന് പിന്നിൽ സിപിഎം രാഷ്ട്രീയമാണെന്നാണ് ആരോപണം.

വെള്ളൂരിലെ സി.പി. എം പ്രവർത്തകനാണ് വിജീഷ്. ഒരു സാധാരണ കുടുംബത്തിലെ അംഗമായ യുവാവ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പാൽ വിതരണം ചെയ്തു കൊണ്ടാണ് ജീവിക്കുന്നത്. വിജീഷിനെ കൂടാതെ ഓട്ടിസം ബാധിച്ച ഒരു സഹോദരനും അമ്മയും അച്ഛനുമടങ്ങുന്നതാണ് കുടുംബം. പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത തന്റെ സഹോദരനെ പരിചരിക്കുന്ന അമ്മയുമായി തർക്കമോ കൈയാങ്കളിയോയുണ്ടായിരുന്നില്ലെന്നാണ് വിജീഷ് പറയുന്നത്.

അച്ഛനും മറ്റുള്ളവരും സുനിഷയുമായുള്ള തർക്കത്തിൽ ഇടപെട്ടിരുന്നില്ലെന്നും വിവാഹം കഴിച്ചതുമുതൽ സുനിഷ പലാകാര്യങ്ങൾ പറഞ്ഞ് താനുമായി കലഹമുണ്ടാക്കിയിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. മൂന്നിലേറെ തവണ തന്നെ ഭയപ്പെടുത്താനായി ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. ഇതു പലപ്പോഴും അഭിനയമായതിനാൽ താൻ കാര്യമാക്കിയില്ലെന്നും വിജീഷ് പറയുന്നു. ആഭരണങ്ങളോ മറ്റു കാര്യങ്ങളോയില്ലാതെ വെറും കൈയോടെയാണ് സുനിഷയെ വിജീഷ് സ്വീകരിച്ചത്.

അതുകൊണ്ടുതന്നെ പണത്തിന്റെയോ മറ്റുകാര്യങ്ങൾ പറഞ്ഞ് ഗാർഹിക പീഡനം നടത്തേണ്ട കാര്യമില്ലെന്നാണ് വിജീഷിന്റെ ബന്ധുക്കളും പറയുന്നത്. അന്നന്ന് തൊഴിലെടുത്തു ജീവിക്കുന്ന വിജീഷിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു പോന്നിരുന്നത്. നേരത്തെ ബന്ധുക്കളുടെ ആവശ്യപ്രകാരം വിജീഷ് തന്നെയാണ് പ്രശ്നപരിഹാരത്തിനായി പൊലിസ് സമീപിച്ചതെന്നുമാണ് ബന്ധുക്കൾ നൽകുന്ന വിവരം. എന്നാൽ തന്റെ മകളെ കൊന്നതാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് സുനിഷയുടെ അമ്മ വനജയും ബന്ധുക്കളും.

ഭർതൃവീട്ടിൽ തന്റെ മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നു ഫോൺവിളിച്ചു പറയാറുണ്ടായിരുന്നുവെന്നും തങ്ങൾ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ തയ്യാറായിട്ടും വിജീഷിന്റെ വീട്ടുകാർ തയ്യാറായില്ലെന്നും അമ്മ വനജയും ബന്ധുക്കളും ആരോപിക്കുന്നു. സ്വന്തം വീട്ടുകാരെ വിളിക്കുന്നതിനാൽ സുനിഷയുടെ ഫോൺ എറിഞ്ഞുതകർത്തുവെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. സുനിഷയുടെ മരണത്തെ കുറിച്ചു അന്വേഷിക്കാൻ പൊലിസ് ഇതുവരെ തങ്ങളുടെ വീട്ടിലെത്തിയിട്ടില്ലെന്നും ഇവർ പരാതിപ്പെടുന്നു.

തന്നെ ഭർത്താവ് വിജീഷ് തല്ലിയതായും ഭർതൃമാതാവ് മുടിക്കുത്തിന് പിടിച്ചു മർദ്ദിച്ചതായുമുള്ള സുനിഷ തന്നെ സഹോദരനോട് പറയുന്നതായുള്ള ഓഡിയോ ക്ലിപ്പു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തന്നെ രക്ഷിക്കാനായി ഭർതൃവീട്ടിലേക്ക് വന്നു കൂട്ടിക്കൊണ്ടുപോകണമെന്നും ഇതിൽ ആവശ്യപ്പെടുന്നുണ്ട്.കെ.വി സുകുമാരൻ- കെ.വനജ ദമ്പതികളുടെ മകളാണ് സുനിഷ.

പ്രതിയായ ഭർത്താവിനെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബിജെപി രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ സുനിഷയുടെ വീടു സന്ദർശിച്ചു നിയമനടപടികൾക്കുള്ള പിൻതുണ അറിയിച്ചിട്ടുണ്ട്. ഗാർഹിക പീഡനത്തിന് നേരത്തെ കേസെടുക്കാത്തത് പൊലിസിന്റെ വീഴ്ചയാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ ആരോപിച്ചു.