കൊച്ചി: കെ റെയിൽ പദ്ധതി ആശങ്ക ഒഴിവാക്കി നടപ്പാക്കണമെന്ന് സമസ്ത മുഖപത്രം. കെ റെയിൽ പദ്ധതിയെ എതിർക്കാനുള്ള കോൺഗ്രസ് നീക്കം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. പദ്ധതിയെ സംബന്ധിച്ച് സംശയമുള്ള കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകണം. കെ റെയിൽ ഉപേക്ഷിക്കില്ലെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കും.

പദ്ധതി നാടിന്റെ ആവശ്യമാണെന്ന് ഇത്തരമൊരു പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയേണ്ടതുണ്ട്. ജനത്തെ പ്രയാസപ്പെടുത്താതെയുള്ള വികസന പ്രവർത്തനമാണ് കെ റെയിൽ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പശ്ചാത്തല സൗകര്യമൊരുക്കാതെ സംസ്ഥാനത്ത് വികസനം ഉണ്ടാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പൗരപ്രമുഖരുടെ സാന്നിധ്യത്തിൽ വിശദീകരിച്ചിട്ടുണ്ടെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

പദ്ധതി സംബന്ധിച്ച എല്ലാ ആശങ്കകളും അസ്ഥാനത്താണെന്ന നിലപാട് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ആവർത്തിക്കുകയുണ്ടായി. നഷ്ടപ്പെടുന്ന ഭൂമിയുടെ വിപണി വിലയേക്കാൾ ഗ്രാമങ്ങളിൽ നാല് മടങ്ങ് നൽകും. നഗര പ്രദേശത്താണെങ്കിൽ രണ്ട് മടങ്ങും നൽകും. പരിസ്ഥിതിലോല പ്രദേശത്തുകൂടിയോ വന്യജീവി സങ്കേതത്തിലൂടെയോ പാത കടന്ന് പോകുന്നില്ല. നദികളുടെയും മറ്റ് സ്വാഭാവിക ജലസ്രോതസുകളുടെയും ഒഴുക്കിനെ തടസപ്പെടുത്തുന്നില്ല. 88 കിലോമീറ്റർ ദൂരം തൂണുകളിലൂടെ കടന്നുപോകുന്നതിനാൽ നെൽപ്പാടങ്ങൾക്കോ തണ്ണീർത്തടങ്ങൾക്കോ ഒന്നും സംഭവിക്കില്ല. ഒരോ അഞ്ഞൂറ് മീറ്ററിലും മേൽപ്പാലമോ അടിപ്പാതയോ ഉണ്ടാകുമെന്നതിനാൽ കേരളം വിഭജിക്കപ്പെടുകയില്ല.

ആകെ നിർമ്മാണത്തിന്റെ 25 ശതമാനം തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നതിനാൽ പൊതുജീവിതത്തേയും പ്രകൃതിയേയും കാര്യമായി ബാധിക്കില്ല. ഇതൊക്കെയാണ് പദ്ധതിക്കെതിരേ രംഗത്തുള്ളവരെയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാടിന്റെ വികസനം ജനങ്ങൾക്ക് വേണ്ടിയാണെന്നും, അതവരെ ബോധ്യപ്പെടുത്തണമെന്നും മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നു.

സർവേ കല്ലുകൾ കോൺഗ്രസ് പിഴുതെറിയുമെന്നും യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നുമുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താനവയെ ചൂണ്ടിയാണ് മുഖപ്രസംഗത്തിലെ പരാമർശം. ഇത്തരമൊരവസ്ഥ സംജാതമായാൽ തീർച്ചയായും അത് കേരളത്തിന്റെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഈ സന്ദർഭത്തിൽ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാൻ സർക്കാർ തന്നെ മുൻകൈയെടുക്കണമെന്നും സുപ്രഭാതം മുഖപ്രസംഗം പറയുന്നു.