ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതിയുടെ വാക്കാലുള്ള നർദേശം. സമരം നേരിട്ട കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സമരം തീർക്കാൻ സർക്കാറിന് യാതൊരു താൽപ്പര്യവും ഇല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കർഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നിരീക്ഷണം.

കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ മരവിപ്പിക്കണമെന്ന് കോടതി പറഞ്ഞു. അല്ലങ്കിൽ തങ്ങൾ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്രസർക്കാരിന്റെ നടപടികളെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസർക്കാരിന് സാധിക്കുന്നില്ല എന്നു പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ആവശ്യമായ കൂടിയാലോചനകൾ ഇല്ലാതെ നിയമം ഉണ്ടാക്കിയതാണ് ഇത്തരമൊരു സമരത്തിലേയ്ക്ക് നയിച്ചത്. അതുകൊണ്ട് സർക്കാർ പ്രശ്നം പരിഹരിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു.

പ്രതിഷേധത്തിന് ഞങ്ങൾ എതിരല്ല. നിയമം സ്റ്റേ ചെയ്യുകയാണെങ്കിൽ പ്രതിഷേധക്കാരുടെ ആശങ്ക ഉൾക്കൊള്ളാൻ തയ്യാറാകുമോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. നിയമഭേദഗതിയിൽ വകുപ്പുകൾ തിരിച്ച് ചർച്ചകൾ വേണമെന്ന് സർക്കാരും നിയമഭേഗതി അപ്പാടെ പിൻവലിക്കണമെന്ന് കർഷകരും ആവശ്യപ്പെടുന്നതായാണ് തങ്ങൾ മനസ്സിലാക്കുന്നതെന്നും കോടതി പറഞ്ഞു.

ഒന്നര മാസമായി തലസ്ഥാനത്തെ സ്തംഭിപ്പിച്ച് തുടരുന്ന കർഷക പ്രക്ഷോഭം എട്ടാം വട്ട ചർച്ചയിലും തീരുമാനമായിരുന്നില്ല. തുടർന്ന് കാർഷിക നിയമങ്ങൾക്കെതിരേ കോടതിയെ സമീപിച്ചുകൊള്ളാൻ കേന്ദ്രം കർഷക നേതാക്കളോടു വ്യക്തമാക്കിയിരുന്നു. കോടതിവിധി എന്തായാലും നടപ്പാക്കുമെന്നും കർഷകനേതാക്കൾക്ക് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ഉറപ്പു നൽകിയിരുന്നു. എന്നാൽ, ഇതൊരു നയപരമായ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്.

വിദഗ്ധ സമിതി രൂപീകരിക്കാം. സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നിയമത്തിൽ അടുത്ത തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. എന്നാൽ കർഷകർ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. കാർഷിക നിയമ ഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരാണെന്നും എജി വിശദീകരിച്ചു. എന്നാൽ പഴയസർക്കാർ തീരുമാനിച്ചത് ഈ സർക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീംകോടതി നിലപാട്.

സമയം ചെയ്യുന്ന നാൽപ്പത്തി ഒന്ന് കർഷക സംഘടനകൾക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വിദഗ്ധ സമിതിയെ നിയോഗിക്കാം എന്ന സുപ്രീം കോടതി നിർദ്ദേശം അംഗീകരിച്ചു. നിയമ ലംഘനം ഉണ്ടാവില്ല, രാംലീല മൈതാനിയിൽ സമരം ഇരിക്കാം,വിദഗ്ധ സമിതിയോട് സഹകരിക്കാം എന്നതടക്കമുള്ള നിർദ്ദേശങ്ങൾ അംഗീകരിച്ചു.

അതുകൊണ്ടുതന്നെ സമരം കൂടുതൽ ശക്തമാക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ഡൽഹി ആകമാനം വളയുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അഞ്ച് അതിർത്തികളിലുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നും വൈകാതെ ഡൽഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്നും സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.