ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തു. കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.

ഓക്‌സിജൻ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്‌സിനേഷൻ, ലോക് ഡൗൺ പ്രഖ്യാപിക്കാനുള്ള സർക്കാരുകളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിൽ ആണ് കോടതി സ്വമേധയാ കേസ് എടുത്തത്. ഇത് സംബന്ധിച്ചുള്ള വിഷയങ്ങളിൽ കോടതി ഇനി വ്യക്തത വരുത്തും. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചിട്ടുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ ഹൈക്കോടതികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഓക്‌സിജൻ വിതരണത്തിൽ ഉണ്ടാക്കുന്ന വീഴ്ചയിൽ കേന്ദ്ര സർക്കാരിനെ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ പാളിച്ചകൾക്ക് ഉത്തർപ്രദേശ് സർക്കാരിനെ അലഹബാദ് ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു.

മധ്യപ്രദേശ്, ബോംബെ, സിക്കിം ഹൈക്കോടതികളും കോവിഡ് സാഹചര്യവും ആയി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിൽ ഇരിക്കുന്ന കേസ്സുകൾ സുപ്രീം കോടതിയിലേക്ക് മാറ്റിയേക്കും എന്ന സൂചന ചീഫ് ജസ്റ്റിസ് നൽകി. വിരമിക്കുന്നതിനു മുമ്പുള്ള ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അവസാന പ്രവർത്തി ദിവസമാണ് നാളെ.