ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള തീരുമാനത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ. മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെയായി ഉയർത്താം എന്ന് വ്യക്തമാക്കുന്ന റൂൾ കർവ് പുനഃപരിശോധിക്കമെന്ന് കേരളം ആവശ്യപ്പെട്ടു. നവംബർ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താൻ നിർദ്ദേശിക്കണം എന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട് ആണെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള ഏക പോംവഴി പുതിയ അണകെട്ട് ആണ്. 1979 ൽ തന്നെ കേന്ദ്ര ജലകമ്മീഷൻ അധ്യക്ഷന്റെ നേതൃത്വത്തിൽ ഇരു സംസ്ഥാനങ്ങളിലെയും എൻജിനീയർമാർ പുതിയ അണകെട്ട് പണിയണം എന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി ഇന്നലെ രാത്രി സത്യവാങ്മൂലം ഫയൽ ചെയ്തത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയർത്താം എന്ന റൂൾ കർവ് പുനഃപരിശോധിക്കണം എന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവു കൂടി കണക്കാക്കി കൊണ്ടാണ് കേരളം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ശക്തമായ മഴ ഉണ്ടാകുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ വലിയ തോതിൽ ജലനിരപ്പ് ഉയരും. അതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന തോതിൽ നിലനിർത്തുമ്പോൾ ശക്തമായ മഴ ഉണ്ടായാൽ ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കേണ്ടി വരും. ഇടുക്കി അണക്കെട്ടിലും ആ ഘട്ടത്തിൽ ജലനിരപ്പ് പരമാവധിയിൽ ആണെങ്കിൽ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

തമിഴ്‌നാട് തയ്യാറാക്കിയ റൂൾ കർവ് പ്രകാരം നവംബർ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയർത്താം എന്നാണ്. ഈ റൂൾ കർവ് ആണ് ജല കമ്മീഷൻ അംഗീകരിച്ചത്. എന്നാൽ നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണം എന്ന് കേരളം ആവശ്യപെടുന്നു. സെപ്റ്റംബറിൽ 20 ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താം എന്ന റൂൾ കർവിലെ നിർദ്ദേശം പുനഃപരിശോധിക്കണം എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

പെരിയാറിലെ മറ്റ് അണക്കെട്ടുകളായ ഇടുക്കി, ഇടമലയാർ, കക്കി എന്നിവയ്ക്കായി കേന്ദ്ര ജല കമ്മീഷൻ തയ്യാറാക്കിയിട്ടുള്ള റൂൾ കർവ് പ്രകാരം വർഷത്തിൽ ഒരു തവണ മാത്രമാണ് പരമാവധി ജലനിരപ്പിൽ വെള്ളം സംഭരിക്കാൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ മുല്ലപെരിയാർ അണക്കെട്ടിനായി കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ റൂൾ കർവിൽ വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുവദിച്ചിട്ടുണ്ടെന്നും കേരളം ആരോപിക്കുന്നു. അറബിക്കടലിൽ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തിൽ ഉണ്ടാകുന്ന മഴയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതായി സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് അഞ്ച് വർഷങ്ങളിൽ സംസ്ഥാനത്തിന് റെക്കോർഡ് മഴയാണ് ലഭിക്കുന്നത്.

അണക്കെട്ടിന് പുതിയ ഇൻസ്ട്രമെന്റേഷൻ പ്ലാൻ തയ്യാറാക്കാൻ തമിഴ്‌നാടിനോട് നിർദ്ദേശിക്കണം എന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷൻ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ ജോ ജോസഫും സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്. അശ്രദ്ധമായി അണകെട്ടിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവൻ വച്ച് കളിക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം എന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.