ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് മേൽ കടുത്ത നടപടികൾ വരുമോ? സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയാനും ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാർഗനിർദേശങ്ങൾക്ക് മൂർച്ചയില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതാണ് ആശങ്കകൾക്ക് ഇടയാക്കുന്നത്. കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു. ജസ്റ്റിസ് അശോക് ഭൂഷൻ നേതൃത്വം നൽകിയ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

താണ്ഡവ് വെബ് സീരീസിനെതിരായ പരാതിയെ തുടർന്ന് ആമസോണ് പ്രൈം ഒറിജിനൽ കണ്ടന്റ് മേധാവി അപർണ പുരോഹിതിന്റെ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. അപർണയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. അപർണയോട് അന്വേഷണത്തിൽ സഹകരിക്കാനും കോടതി ആവശ്യപ്പെട്ടു. സർക്കാർ നിയമനിർമ്മാണം തടത്താതെ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയാനും ഒടിടി നിയന്ത്രിക്കാനും സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

സോഷ്യൽമീഡിയയിലെ നിയന്ത്രണങ്ങൾ കേവലം മാർഗ നിർദേശങ്ങൾ മാത്രമാണ്. ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുക്കാൻ വ്യവസ്ഥയില്ല. കേന്ദ്ര നിയമത്തിനനുസരിച്ച് മാത്രമേ കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാകൂവെന്നും നിയമത്തിന് മൂർച്ചയില്ലെന്നും വിചാരണക്ക് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ മതിയായ നടപടി സ്വീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

അശ്ലീല ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്ലാറ്റ്ഫോമുകൾ പ്രദർശിപ്പിക്കാറില്ലെന്ന് അപർണ പുരോഹിത്തിന് വേണ്ടി ഹാജരായ മുകുൾ റോഹ്ത്തഗി അറിയിച്ചു. എന്നാൽ ഏറെക്കുറെ എല്ലാം പോണോഗ്രഫിയാണെന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി.