ന്യൂഡൽഹി: ഭിന്നശേഷിക്കാർക്കുള്ള സംവരണം പോലും അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ച എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് സൂപ്രിംകോടതിയുടെ വിമർശനം. സർക്കാർ നയം അംഗീകരിക്കാത്ത എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പണം നൽകുന്നത് സർക്കാർ നിർത്തണമെന്ന് സുപ്രീംകോടതി പറഞ്ഞു. സർക്കാർ ശമ്പളം നൽകുമ്പോൾ സർക്കാർ നയം അംഗീകരിക്കണം. ഭിന്നശേഷിക്കാർക്ക് ജോലിയിൽ സംവരണം നൽകാനുള്ള ഉത്തരവ് ചോദ്യം ചെയ്തതിനാണ് വിമർശനം.

എൻഎസ്എസും കാത്തലിക് സ്‌കൂൾ മാനേജുമെന്റ് കൺസോർഷ്യവുമാണ് കോടതിയെ സമീപിച്ചത്. ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കിയേ പറ്റൂ. അല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ഭിന്നശേഷിക്കാർക്ക് കേരളത്തിലെ എയ്ഡഡ് സ്‌കൂൾ, കോളജുകളിലെ അദ്ധ്യാപക, അനധ്യാപക നിയമനങ്ങളിൽ 4 ശതമാനം സംവരണം ഏർപ്പെടുത്തിയത് 2018ലാണ്.

ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണത്തിനുള്ള 2016ലെ കേന്ദ്രസർക്കാരിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സംവരണത്തിനുള്ള ഉത്തരവിറക്കിിയത്. പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണമെന്ന നിർദേശമുണ്ടായിരുന്നു.

അന്ധത, ബധിരത, ചലന വൈകല്യം, ഓട്ടിസം എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഒരു ശതമാനം വീതം ജോലി സംവരണം. ചലന വൈകല്യ വിഭാഗത്തിൽ സെറിബ്രൽ പാൾസി, കുഷ്ഠരോഗത്തെ അതിജീവിച്ചവർ, ഡ്വാർഫിസം, ആസിഡ് ആക്രമത്തിന്റെ ഇരകൾ, മസ്‌കുലാർ ഡിസ്‌ട്രോഫി ബാധിച്ചവർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടിസം വിഭാഗത്തിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരും പ്രത്യേക പഠനവൈകല്യമുള്ളവരും ഉൾപ്പെടും. ഈ വിധ വൈകല്യങ്ങൾ ഒരുമിച്ചു ബാധിച്ചവർക്കും സംവരണത്തിന് അർഹതയുണ്ടാകും.

ഭിന്നശേഷിക്കാർക്ക് സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും മൂന്നുശതമാനം സംവരണം നിലവിലുണ്ട്. എന്നാൽ, ഇത് എയ്ഡഡ് സ്ഥാപനങ്ങളിൽ നടപ്പാക്കിയിരുന്നില്ല. 1996 മുതലുള്ള നിയമനങ്ങളുടെ ആനുപാതിക കണക്കെടുത്ത് സംവരണനിയമനം നടത്തണമെന്നുമായിരുന്നു ഉത്തരവ്. ഈ തീരുമാനത്തെയാണ് മാനേജ്‌മെന്റുകൾ എതിർത്ത് രംഗത്തുവന്നത്.