ന്യൂഡൽഹി: രാജ്യദ്രോഹ കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂർ ഉൾപ്പടേയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. തരൂരിന് പുറമെ രജ്ദീപ് സർദേശായി, വിനോദ് കെ ജോസ് എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. വിഷയത്തിൽ രണ്ടാഴ്ചക്കം മറുപടി നൽകണം എന്ന് കാട്ടി കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ശശി തരൂർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ​ഹർജിയിലാണ് സുപ്രീംകോ‌ടതിയുടെ ഇടപെടൽ.

ഉത്തർപ്രദേശ് പൊലീസിന് വേണ്ടി മുകുൾ റോത്തഗി, ഡൽഹി പൊലീസിന് വേണ്ടി സോളിസിസ്റ്റർ ജനറൽ തുഷാർ മേത്തയും കോടതിയിൽ ഹജരായിരുന്നു. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തടയരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ കേസ് വിശദമായി പരിശോധിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

റിപ്പബ്ലിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തർപ്രദേശ് പൊലീസ് ശശി തരൂർ ഇന്ത്യാ ടുഡെയിലെ മാധ്യമ പ്രവർത്തകൻ രജദീപ് സർദേശായി, കാരവൻ മാഗസിന്റെ വിനോദ് കെ ജോസ് എന്നിവർക്കെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

53 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ഇവർക്കെതിരെ ചുമത്തി. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. സമാനമായ കേസ് ഡൽഹി, മധ്യപ്രദേശ്, ഹരിയാന, കർണടാക പൊലീസുകളും രജിസ്റ്റർ ചെയ്തിരുന്നു. ഗുരുഗ്രാം സൈബർ സെൽ ഹരിയാനയിലും ഉത്തർ പ്രദേശിൽ നോയിഡ പൊലീസുമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെയായിരുന്നു ശശി തരൂർ ഉൾപ്പടേയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്.

റിപബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ഒരു കൂട്ടം ആളുകൾ ചെങ്കോട്ടയിലെത്തി സിഖ് മത പതാക ഉയർത്തിയതിന് പിന്നാലെയാണ് സംഘർഷം ഉണ്ടാകുന്നത്. കർഷകരാണ് പതാക ഉയർത്തിയതെന്ന് വരുത്തി തീർക്കാൻ പൊലീസും കേന്ദ്രവും ശ്രമം നടത്തിയിരുന്നു. എന്നാൽ പഞ്ചാബി നടൻ ദീപ് സിദ്ദുവാണ് സംഭവത്തിന് പിന്നിലെന്ന് കർഷകർ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന സിദ്ദുവിനെ ഡൽഹി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിട്ടുണ്ട്.