ന്യൂഡൽഹി: ലഖിംപുർ ഖേരി സംഭവത്തിൽ ഉത്തർപ്രദേശ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉയർത്തിയത്.

അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സർക്കാർ സമർപ്പിച്ച പുതിയ അന്വേഷണ റിപ്പോർട്ടിൽ പുതിയതായി ഒന്നുമില്ലെന്നും വിമർശിച്ചു. ലഖിംപുർ കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിമർശനം.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതിനുള്ള ജഡ്ജി ആരാണെന്ന് തങ്ങൾ തീരുമാനിക്കും. ജഡ്ജി ഉത്തർപ്രദേശിന് പുറത്തുള്ള വ്യക്തിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ രാകേഷ് കുമാർ ജയിനിനെയോ, രഞ്ജ്തി സിംഗിനെയോ അന്വേഷണ മേൽനോട്ടത്തിനായി ചുമതലപ്പെടുത്താവുന്നതാണെന്നും കോടതി പറഞ്ഞു.

എന്നാൽ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ അറിയിച്ചത്. വെള്ളിയാഴ്ചയ്ക്കകം ഇക്കാര്യത്തിൽ നിലപാട് അറിയിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

ലഖിംപുർ സംഭവത്തെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച അന്വേഷണപുരോഗതി റിപ്പോർട്ടിനെതിരേ നിശ്ശിതമായ വിമർശനങ്ങളും കോടതി ഉയർത്തി. സംഭവത്തിൽ കൂടുതൽ സാക്ഷികളെ വിസ്തരിച്ചുവെന്ന് പറയുന്നതല്ലാതെ റിപ്പോർട്ടിൽ ഒന്നും രേഖപ്പെടുത്തിയില്ലെന്നാണ് കോടതിയുടെ വിമർശനം. അന്വേഷണ റിപ്പോർട്ടിൽ സാക്ഷികൾ പറഞ്ഞതിനപ്പുറം ഒന്നുമില്ലെന്നും റിപ്പോർട്ട് സമർപ്പിക്കാൻ പത്തു ദിവസം നൽകിയിട്ടും പുതുതായി യാതൊരു പുരോഗതിയും അന്വേഷണ റിപ്പോർട്ടിൽ ഇല്ലെന്നും പറഞ്ഞ കോടതി സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്.

ഫോറൻസിക് റിപ്പോർട്ട് വേഗത്തിലാക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും അത് പാലിച്ചില്ലെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. അതേസമയം കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കല്ലാതെ മറ്റാർക്കും ഫോണില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കേസിൽ ആകെ പതിനാറ് പ്രതികളാണുള്ളത്. ഇതിൽ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കേസിലെ ഒരു പ്രതിയുടെ ഫോൺ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ളവരുടേത് ഇതുവരെ കണ്ടെത്താത്തത് എന്താണെന്നും കോടതി ചോദിച്ചു. പ്രതികൾ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നാണ് ലഭിച്ച വിവരമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

സർക്കാർ വിശദീകരണം കോടതിക്ക് തൃപ്തികരമല്ലായിരുന്നു. തുടർന്നാണ് അന്വേഷണത്തിന് മേൽനോട്ടം നൽകാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. വിശ്വാസയോഗ്യവും നിഷ്പക്ഷവുമായി അന്വേഷണത്തിന് ഇത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

കർഷകർക്കൊപ്പം മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് കർഷകരെ വാഹനമിടിച്ച് വീഴ്‌ത്തിയ ശേഷമുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ശ്യാം സുന്ദറിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. സിബിഐ എല്ലാറ്റിനും പരിഹാരമല്ലെന്ന് വിമർശിച്ച കോടതി അന്വേഷണം വസ്തുനിഷ്ടമായി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.

നാല് കർഷകരുടേയും പ്രദേശിക മാധ്യമ പ്രവർത്തകന്റേതുൾപ്പെടെ എട്ടു പേരുടെ ജീവനാണ് ഒക്ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപൂരിൽ ഖേരിയിൽ നടന്ന അപകടം കവർന്നത്. പ്രദേശിക മാധ്യമ പ്രവർത്തകൻ രമൺ കശ്യപ് കൊല്ലപ്പെട്ടത് കർഷകർ കാരണമല്ലെന്നും വാഹനാപകടത്തിലാണെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.