ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റേത് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ ആരംഭിക്കുന്നതിനെതിരേ സുപ്രീം കോടതി. പദ്ധതിക്ക് എതിരായ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ പുതുതായി നിർമ്മാണം നടത്തുകയോ, കെട്ടിടങ്ങൾ പൊളിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗം ആയാണ് പാർലിമെന്റ് മന്ദിരം ഉൾപ്പടെ പുതുക്കി നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനവും ഡിസംബർ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാനിരിക്കെയാണ് സെൻട്രൽ വിസ്ത പദ്ധതിയിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.സർക്കാർ ചില നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നിർമ്മാണം സംബന്ധിച്ച് വ്യക്തത വരുത്താൻ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു.പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ മാത്രമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

തുടർന്ന് സെൻട്രൽ വിസ്ത പദ്ധതിക്കായി പുതുതായി നിർമ്മാണം നടത്തുകയോ, കെട്ടിടങ്ങൾ പൊളിക്കുകയോ, മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തി. അതേസമയം സെൻട്രൽ വിസ്ത പദ്ധതിക്കായി മറ്റ് കടലാസ്സ് പണികൾ നടത്തുന്നതിൽ കേന്ദ്ര സർക്കാരിന് വിലക്ക് ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പദ്ധതിക്ക് എതിരെ രാജീവ് സൂരി ഉൾപ്പടെ നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. ഹർജികളിൽ സ്റ്റേ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും നിർമ്മാണവുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാരിന് അനുവാദം നൽകിയിട്ടില്ലെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം 2022 ഒക്ടോബറിൽ പൂർത്തിയാക്കാൻ ആണ് പദ്ധതി ഇട്ടിരുന്നത്. കോടതി നടപടികൾ നീണ്ടാൽ ഈ ഷെഡ്യൂൾ വൈകും.