എറണാകുളം: ഇന്ധന വിലവർധനവിൽ വിചിത്ര വിശദീകരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. ജനങ്ങളെ ബാധിക്കില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യും.ഇന്ധന വില നിർണയാധികാരം എടുത്തുകളഞ്ഞത് യുപിഎ സർക്കാരാണ്. കോൺഗ്രസിന് എങ്ങനെ അതിനെതിരെ പറയാൻ കഴിയുമെന്നും സുരേന്ദ്രൻ ചോദിച്ചു.ഇന്ധന വിലവർധനവിനെതിരെ താൻ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണെന്നും ഇപ്പോൾ വണ്ടിയുന്താൻ വേറെ ആളുകളുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

പെട്രോൾ വില തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ആരാണ് ഇതൊക്കെ നോക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. പെട്രോൾ വിലവർധനവ് ജനങ്ങളെ ബാധിക്കില്ല. 87 രൂപയ്ക്ക് യുപിഎ ഭരണകാലത്ത് പെട്രോൾ അടിച്ചിട്ടുണ്ട്. ഇപ്പോൾ 83 രൂപയായതാണോ വലിയ കാര്യമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.താങ്കൾ തന്നെ മുൻപ് പെട്രോൾ വിലവർധനവിനെതിരെ വണ്ടിയുന്തി പ്രതിഷേധിച്ചതാണല്ലോ എന്ന ചോദ്യത്തിന് ഇപ്പോൾ വണ്ടിയുന്താൻ വേറെ ആൾക്കാരുണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഞാൻ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സമരം ചെയ്യും. ഏതു വിഷയത്തിലും അങ്ങനെയാണ്. അതിനെന്താ കുഴപ്പമെന്നും സുരേന്ദ്രൻ ചോദിച്ചു.പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമാണോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നും സുരേന്ദ്രൻ പറഞ്ഞു.

യുപിഎ സർക്കാർ ചെയ്ത തെറ്റായ കാര്യം സർക്കാർ തിരുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, അത് അത്ര എളുപ്പം തിരുത്താൻ കഴിയുന്ന കാര്യമല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ഗ്ലോബലൈസേഷന്റെ ഭാഗമായി മാർക്കറ്റ് ഓപ്പൺ ആകുമ്പോൾ സർക്കാരിൽനിന്ന് പലതും നഷ്ടപ്പെടും. അത് ഇന്നുണ്ടായ സംഗതിയല്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.