തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിനെ പിന്തുണച്ച് ബിജെപി എംപി സുരേഷ് ഗോപി. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപ പറഞ്ഞു. രാഷ്ട്രീയം പറയേണ്ട വിഷയമല്ല കോവിഡ് പ്രതിരോധമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വിഷയത്തിൽ രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല. ഉദ്യോഗസ്ഥവൃന്ദം രാഷ്ട്രീയം കലർത്താൻ ശ്രമിക്കുമ്പോഴാണ് പാളിച്ച ഉണ്ടാകുന്നത്. പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

അതിനിടെ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ന്യായീകരിച്ചു ആരോഗ്യമന്ത്രി വീണ ജോർജ്ജ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ചതെന്ന് വീണാ ജോർജ് പ്രതികരിക്കുകയൂണ്ടായി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗബാധ കണ്ടെത്തുന്നതിലെ മികവാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആറു കേസിൽ ഒരെണ്ണം വീതം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ശരാശരി 33ൽ ഒന്നാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നൂറിലൊരു കേസാണ് കണ്ടെത്തുന്നത്. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല. എല്ലാവരും ഒന്നിച്ചുനിന്ന് പ്രതിസന്ധി മറികടക്കണം. രോഗികളെ കണ്ടെത്തൽ, രോഗ പ്രതിരോധം, ചികിത്സ, വാക്സിനേഷൻ, കുറഞ്ഞ മരണ നിരക്ക് എന്നിവയിലെല്ലാം സംസ്ഥാനം മികച്ചനിലയിലാണ് .ബ്രേക്ക് ത്രൂ ഇൻഫക്ഷൻ സംബന്ധിച്ച് പഠനം നടത്തിയ ഏക സംസ്ഥാനം കേരളമാണ്.

ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7ശതമാനം ആളുകൾക്ക് മാത്രമേ രോഗം വന്നോ വാക്സിനെടുത്തോ ആന്റി ബോഡി കൈവരിച്ചിട്ടുള്ളു. 57ശതമാനത്തിലധികം പേർ ഇനി രോഗം വരാതിരിക്കാൻ ജാഗ്രത പുലർത്തണം. 70.24ശതമാനം പേർ ആദ്യഡോസ് വാക്സിനെടുത്തു. 25.51ശതമാനം പേർ രണ്ടാം ഡോസും . 60വയസിന് മുകളിലുള്ളവർ, കിടപ്പുരോഗികൾ, അനുബന്ധ രോഗമുള്ളവർ എന്നിവർക്കെല്ലാം വാക്സിൻ ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 32,801 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. മലപ്പുറം 4032, തൃശൂർ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂർ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസർഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,09,56,146 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 144 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3926, തൃശൂർ 3935, എറണാകുളം 3539, കോഴിക്കോട് 3327, കൊല്ലം 2822, പാലക്കാട് 1848, തിരുവനന്തപുരം 2150, ആലപ്പുഴ 2151, കണ്ണൂർ 1905, കോട്ടയം 1797, പത്തനംതിട്ട 1255, ഇടുക്കി 1105, വയനാട് 944, കാസർഗോഡ് 577 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.