തിരുവനന്തപുരം: ഇ ബുൾ ജെറ്റുകാരുടെ വാഹന രജിസ്‌ട്രേൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരിക്കുകയാണ്. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനും ആണ് രജിസ്‌ട്രേഷൻ റദ്ദാക്കിയത്. 15 ലക്ഷം സബ്സ്‌ക്രൈബേഴ്സിന്റെ പിന്തുണയുള്ള ഇ ബുള്ളിനാണ് റോഡിൽ വിലക്ക് വന്നിരിക്കുന്നത്. യൂടൂബർമാർക്കെതിരെ കൂടുതൽ നടപടികൾക്ക് പൊലീസ് ഒരുങ്ങുകയാണ്.

ആസൂത്രിതമായി തങ്ങളെ തകർക്കാൻ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് ഇ ബുൾ ജെറ്റ് പൊലീസ് സ്റ്റേഷനിൽ ലൈവ് വീഡയോ ചിത്രീകരിച്ചത് പ്രശ്‌നം വഷളാക്കി. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ഇതിനിടയിൽ ഇ ബുൾ ജെറ്റിനെ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു ആരാധകൻ സുരേഷ് ഗോപി എംപിയെ വിളിക്കുകയും ചെയ്തു. ഇതിന് അദ്ദേഹം നൽകിയ മറുപടിയും ഇപ്പോൾ വൈറലാണ്. സംഭവത്തെ കുറിച്ച് വ്യക്തമായി മനസിലായില്ലെങ്കിലും, ഏകദേശ രൂപം കിട്ടിയ സുരേഷ്, പരാതിക്കാരന് മറുപടി നൽകി

വണ്ടി മോദിഫൈ ചെയ്തതിനാൽ ഇ ബുൾ ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും, സാർ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപിയുടെ ഫോണിലേക്ക് ഒരാൾ വിളിച്ചത്. എന്നാൽ ഇതിനുള്ള സുരേഷ് ഗോപിയുടെ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങൾ നേരിട്ട് മുഖ്യമന്ത്രിയെ വിളിക്കൂ. എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇതിനിടെ നടനും എംഎൽഎയുമായ മുകേഷിനെയും ഇ ബുൾ ജെറ്റ് ആരാധകർ ഫോണിൽ വിളിച്ചതിന്റെ ഓഡിയോ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഒരാൾ മുകേഷിനെ വിളിച്ചത്. എന്താണ് ഇ- ബുൾ ജെറ്റെന്ന് ആദ്യം മുകേഷിന് മനസിലായില്ലെന്ന് ശബ്ദരേഖയിൽ നിന്ന് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ടൊരു ട്രോളും ഫേസ്‌ബുക്കിൽ മുകേഷ് പങ്കുവച്ചു. 'ഓരോരൊ മാരണങ്ങളെ, നല്ല ട്രോൾ' എന്ന അടിക്കുറിപ്പോടെയാണ് ട്രോൾ പങ്കുവച്ചിരിക്കുന്നത്.