തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയുടെ ചില പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ട്രോളന്മാർ ഏറ്റെടുക്കുന്നതോടെയാണ് പ്രസ്താവനകൾ കൂടുതൽ ശ്രദ്ധേയമാകാറ്. ഇത്തവണയും പതിവിന് മാറ്റമില്ല.തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമൊന്നും ഉണ്ടാക്കാനാകാതെ ബിജെപി ഒതുങ്ങിയപ്പോൾ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയെ നിർത്താതെ കളിയാക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ. ഒരായിരം പഞ്ചായത്ത് ഞങ്ങൾക്ക് തരൂവെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുരേഷ് ഗോപി പ്രസംഗിച്ചത്. ആയിരം ചോദിച്ചിട്ട് 50 പോലും തന്നില്ലല്ലോ എന്ന് പരിഹസിക്കുകയാണ് ട്രോളന്മാർ.

കോഴിക്കോട് നടന്ന പ്രചാരണപരിപാടിയിലാണ് സുരേഷ് ഗോപി ആയിരം പഞ്ചായത്തിന് ആവശ്യപ്പെട്ടത്. എന്നാൽ, കേരളത്തിൽ ആകെ 941 പഞ്ചായത്തുകൾ മാത്രമേയുള്ളൂവെന്നും ആയിരം തരാൻ നിർവാഹമില്ലെന്നും അന്നു തന്നെ ട്രോളന്മാർ എംപിയെ ഓർമിപ്പിച്ചിരുന്നു. ബിജെപി പ്രവർത്തകനാണ് താനെന്ന് അഭിമാനത്തോടെ പറയുമെന്നും അതിന്റെ പേരിൽ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാൽ കുഴപ്പമില്ലെന്നും വേദിയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇതിനെ പുറമെയാണ് കണ്ണൂരിൽ വച്ച് നടന്ന യോഗത്തിൽ സിപിഎമ്മിനെ എടുത്ത് കടലിലെറിയണമെന്ന് സുരേഷ് ഗോപി പറഞ്ഞത്. അ പരാമർശത്തെയും ട്രോളന്മാർ വെറുതെ വിട്ടിട്ടില്ല. ആരെയാണ് കടലിലെറിഞ്ഞത് ദ കാണ് എന്നു പറഞ്ഞാണ് ട്രോളന്മാർ ഇ പരാമർശത്തെ ഏറ്റെടുത്തത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ 23 പഞ്ചായത്തുകളിൽ മാത്രമാണ് ബിജെപി സഖ്യം മുന്നിലെത്തിയത്.തിരുവനന്തപുരം കോർപറേഷൻ ബിജെപി വിജയിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനവും പാടെ തെറ്റിയിരിക്കുകയാണ്. തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫാണ് വിജയിച്ചത്.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നടത്തിയ 'തൃശൂർ ഞാനിങ്ങെടുക്കുവാ' പ്രസ്താവനയും ട്രോളന്മാർക്ക് ചാകരയായിരുന്നു.