തിരുവനന്തപുരം: മുൻവൈരാഗ്യത്തെത്തുടർന്ന് സുഹൃത്തായ യുവാവ് ഗുരുതരമായി കുത്തിപ്പരുക്കേൽപ്പിച്ച യുവതി മരിച്ചു. കരുപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസം ശിവദാസ്-വത്സല ദമ്പതികളുടെ ഏകമകൾ സൂര്യഗായത്രി (20) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെ മരിച്ചത്.

പന്ത്രണ്ടിലേറെ തവണ കുത്തേറ്റ സൂര്യഗായത്രിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല, മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ മാതാവ് വത്സല (52)യും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തിയ ശേഷം രക്ഷപ്പെട്ട പേയാട് വാറുവിളാകത്ത് വീട്ടിൽ അരുണി (28) നെ നാട്ടുകാർ പിടികൂടി വലിയമല പൊലീസിന് കൈമാറിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. കൊല്ലം സ്വദേശിയായ ഭർത്താവുമായി പിണങ്ങി 6 മാസമായി മാതാപിതാക്കൾക്ക് ഒപ്പമാണ് യുവതിയുടെ താമസം. ഭർത്താവ് ഗൾഫിലാണ്. ഇന്നലെ ഉച്ചയ്ക്ക് അടുക്കളയിലൂടെ ആണ് അരുൺ വീട്ടിൽ അതിക്രമിച്ചു കയറിയത്.

ഇരുവരുടെയും സംസാരം വാക്കേറ്റത്തിൽ എത്തിയതോടെ ഇയാൾ കയ്യിൽ കരുതിയ കത്തി കൊണ്ട് യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവെന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു. എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല. വത്സലയ്ക്ക് കയ്യിൽ ആണ് കുത്തേറ്റത്.

കുത്തേറ്റ പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത് പെൺകുട്ടിയുടെ അമ്മയുടെ ലോട്ടറിക്കടയിൽ വച്ചായിരുന്നു. പെൺകുട്ടിയുടെ അമ്മ നെടുമങ്ങാട് നടത്തിയിരുന്ന ലോട്ടറികടയിൽ സഹായിക്കാനായി പെൺക്കുട്ടിയും ഇടയ്ക്കിടെ എത്തിയിരുന്നു. സിനിമാ പബ്ലിസിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന പേയാട് സ്വദേശി അരുൺ നെടുമങ്ങാട് വരുമ്പോഴൊക്കെ ഈ കടയിൽ നിന്നും പതിവായി ലോട്ടറി എടുത്തിരുന്നു.

അങ്ങനെ പെൺകുട്ടിയുമായുള്ള പരിചയം തുടങ്ങി. ഇതിനെ പ്രണയമായി അരുൺ തെറ്റിധരിച്ചു. ഇതിനിടെ പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചു. പെൺകുട്ടി വീട്ടിലെത്തിയ കാര്യം കഴിഞ്ഞ ദിവസമാണ് അരുൺ അറിയുന്നത്. ഇതോടെ രണ്ടും കൽപ്പിച്ച് പകരം വീട്ടാൻ തീരുമാനിച്ചു എന്നാണ് സൂചന. മനസിൽ സൂക്ഷിച്ച പകയുമായി ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലേക്ക് കയറിച്ചെന്ന അരുൺ വീട്ടുകാരുടെ മുന്നിലിട്ട് പെൺകുട്ടിയെ നിരവധി തവണ കുത്തുകയായിരുന്നു.

അച്ഛന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അരുൺ പുറത്തിറങ്ങി ഓടി. അടുത്ത വീടിന്റെ ടെറസിൽ കയറി ഒളിച്ച അരുണിനെ നാട്ടുകാരാണ് പിടികൂടി വലിയമല പൊലീസിലേൽപ്പിച്ചത്.