മുംബൈ: ബോളിവുഡ് താരം നടൻ സുശാന്ത് സിങ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ ദുരൂഹത ഇനിയും നീങ്ങിയില്ല. സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടു ഉണ്ടായിട്ടും മരണം വിവാദമാകുന്നത് രാഷ്ട്രീയക്കാരുടെ അടക്കം ഇടപെടലോടെയാണ്. സിബിഐ ഏറ്റെടുത്ത കേസിൽ കാമുകി റിയ ചക്രവർത്തിയെ സിബിഐ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. എംടിവിയിൽ വിഡിയോ ജോക്കി ആയിരിക്കെ സിനിമയിലേക്ക് എത്തിയ താരമാണ് റിയ. കരസേനയിൽ നിന്നു വിരമിച്ച ബംഗാൾ സ്വദേശിയുടെ മകൾ. അമ്മ മഹാരാഷ്ട്രക്കാരിയും. സുശാന്ത് ആകട്ടെ ബിഹാർ പട്‌ന സ്വദേശിയാണ്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 3 വർഷം പിന്നിട്ടപ്പോൾ അഭിനയ മോഹം മൂലം പഠനം നിർത്തി മുംൈബയിലേക്കെത്തി. അവിടെ നിന്നും സീരിയലിലേക്കും ബോളിവുഡിലേക്കും ചേക്കേറുകയായിരുന്നും അദ്ദേഹം.

2013 ൽ മുംബൈയിലാണു പരിചയപ്പെട്ടതെന്നും 2015 ൽ ഒരു പാർട്ടിയിൽ വീണ്ടും കണ്ടതിനു ശേഷം സുശാന്താണു പ്രണയം പങ്കുവച്ചതെന്നും റിയ. 2019 മുതൽ സുശാന്ത് ജീവനൊടുക്കിയ ജൂൺ 14ന് ഒരാഴ്ച മുൻപു വരെ ഇരുവരും ഒരുമിച്ചു താമസം. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവം ആത്മഹത്യയാണെന്നു മുംബൈ പൊലീസ് ഉറപ്പിച്ചു പറയുന്നു. ബോളിവുഡിലെ ലോബികളും പക്ഷപാതവുമാണു സുശാന്തിനെ ഇല്ലാതാക്കിയതെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒട്ടേറെപ്പേരെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. അന്വേഷണം 2 മാസം പിന്നിട്ടിട്ടും കൃത്യമായ കണ്ടെത്തലുകളില്ല.

ഞങ്ങളുടെ വീടിനു മുന്നിൽ എപ്പോഴും ആൾക്കൂട്ടമാണ്. 25 വർഷം സൈനിക സേവനം ചെയ്ത എന്റെ അച്ഛനെ ആൾക്കൂട്ടം ആക്രമിക്കുന്നു, പിന്നാലെ പായുന്നു. സഹോദരനു കോളജിൽ പോകാനാകുന്നില്ല. എന്റെ അമ്മ മാനസികനില തകരാറിലായ അവസ്ഥയിലാണ് എന്നാണ് റിയ പറയുന്നത്. റിയയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആത്മഹത്യാപ്രരണക്കുറ്റം ആരോപിച്ച് സുശാന്തിന്റെ അച്ഛൻ നൽകിയ പരാതിയും നിർണായകമായി. സുശാന്തിന്റെ പക്കൽ നിന്ന് റിയയും കുടുംബവും 15 കോടിയോളം രൂപ തട്ടിയെടുത്തെന്ന അച്ഛന്റെ പരാതി.

നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും കേസ് അന്വേഷിക്കുന്നുണ്ട്. ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് റിയയുടെ ഫോണിൽ നിന്നു വാട്‌സാപ് ചാറ്റ് കണ്ടെടുത്തെന്ന് ഇഡി അറിയിച്ചതിനെത്തുടർന്നു നടിക്കെതിരെ കേസ്. മുൻ മാനേജർ ദിഷയുടെ ആത്മഹത്യയുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടോ? ബോളിവുഡിലെ പ്രമുഖരുടെ പേരുകൾ ആദ്യഘട്ടത്തിൽ ഉയർന്നതിനു ശേഷം കേൾക്കാതായതിനു പിന്നിലെ കാരണം? തുടങ്ങിയ വിവരങ്ങളാണ് തേടുന്നത്. സുശാന്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന കോടികൾ എവിടെയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നു.

അതേസമയയം സുശാന്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. അതു തടയാനാണു ഞാൻ ശ്രമിച്ചത്. എന്റെ ഫോണിൽ നിന്നാണ്, ലഹരി ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ജീവിതത്തിൽ ഇതുവരെ ഞാൻ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല. ഏതു പരിശോധനയ്ക്കും തയാറാണെന്നുമാണ് റിയ ചക്രവർത്തി അഭിപ്രായപ്പെടുന്നത്. അതിനിടെ വിവാദം മുറുകവേ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ധാനം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ അറിയിച്ചു.

സാമൂഹിക നീതി വകുപ്പ് സഹമന്ത്രിയായ അത്താവലെ കഴിഞ്ഞ ദിവസം സുശാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി നേരിൽ സംസാരിച്ചിരുന്നു. അന്വേഷണത്തിന് എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്ത അദ്ദേഹം ബോളിവുഡിലെ മാഫിയകൾ എല്ലാം വൈകാതെ തന്നെ തുറന്നു കാട്ടപ്പെടുമെന്നും സുശാന്തിന് നീതി ഉറപ്പാക്കുമെന്നുമാണ് അറിയിച്ചത്. നേരത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും സുശാന്തിന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയിരുന്നു.