മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകളും അന്വേഷണങ്ങളും മുറുകവേ ഓരോ ദിവസവും ഓരോരോ ട്വിസ്റ്റുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തുവുന്ന വാർത്ത ബോളിവുഡിലെ പ്രശസ്തമായ താരകുടുംബത്തിലെ നടിയുമായി സുശാന്ത് പ്രണയത്തിലായിരുന്നു എന്നാണ്. സുശാന്തും റിയയും തമ്മിലുള്ള പ്രണയവും വേർപിരിയലുമൊക്കെയാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്ന് വാദം ശക്തമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

സുശാന്ത് സിങ് രജ്പുതും സാറ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തുവന്നത് നടന്റെ സുഹൃത്ത് സാമുവൽ ഹാവോകിപ് ആണ്. എന്നാൽ ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്ന് സാറ സുശാന്തമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും ഹാവോകിപ് പറഞ്ഞു. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് സുശാന്തിന്റെ സുഹൃത്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തെത്തുടർന്ന് ബോളിവുഡിലെ സ്വജന പക്ഷപാതത്തെയും മാഫിയകളെയും കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കേയാണ് സുശാന്തും സാറയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്നാണ് അത് അവസാനിച്ചതെന്നും ഹാവോകിപ് അവകാശപ്പെടുന്നത്.

'കേദാർനാഥ് സിനിമയുടെ പ്രമോഷൻ സമയം ഞാൻ ഓർക്കുന്നു... സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നു... അവർ പിരിയാൻ പറ്റാത്തവിധത്തിലായിരുന്നു... നിഷ്‌കളങ്കമായിരുന്നു അത്. ഇരുവരും പരസ്പരം വളരെയധികം ബഹുമാനിച്ചിരുന്നു, അത് ഇപ്പോൾ ബന്ധങ്ങളിൽ കാണാൻ കഴിയുന്നത് വളരെ അപൂർവമാണ്. സുശാന്തിനൊപ്പം സാറയ്ക്കും സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും ആത്മാർത്ഥമായ ആദരവുണ്ടായിരുന്നു... അത് കുടുംബം, സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ആരെങ്കിലുമായിക്കൊള്ളട്ട്. ബോളിവുഡ് മാഫിയയുടെ ഏതെങ്കിലും സമ്മർദ്ദം കാരണമാണോ, സോഞ്ചിരിയയുടെ ബോക്‌സ് ഓഫീസ് പരാജയത്തിനു പുറകെ സുശാന്തുമായി ബന്ധം വേർപെടുത്താൻ സാറ തീരുമാനിച്ചതെന്ന് ഞാൻ അദ്ഭുതപ്പെടുന്നു,''സാമുവൽ കുറിച്ചു.

നടൻ സെയ്ഫ് അലി ഖാന്റെ മകളായ സാറാ അലി ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത് അഭിഷേക് കപൂർ സംവിധാനം ചെയ്ത കേദാർനാഥിലൂടെയാണ്. സുശാന്ത് സിങ് ആയിരുന്നു നായകൻ. കേദാർനാഥിന് ശേഷം സിംബയിലാണ് സാറ അഭിനയിച്ചത്. ഈ സമയം സുശാന്ത് നായകനായി എത്തിയ ചിത്രമായിരുന്നു സോഞ്ചിരിയ.

അതിനിടെ സുശാന്ത് സിങ് റിയ ചക്രബർത്തി ജൂൺ എട്ടിന് സുശാന്തിനെ വിട്ട് പോയതിന് പിന്നാലെ സംവിധായകൻ മഹേഷ് ഭട്ടിന് അയച്ച് വാട്‌സാപ്പ് സന്ദേശങ്ങളാണ് പുറത്ത് വന്നു. ''ഐഷ മുന്നോട്ട് യാത്ര തുടരുന്നു സർ. ഒരു ഉറച്ച മനസോടെയും ആശ്വാസത്തോടെയും. നിങ്ങളുടെ അവസാനത്തെ കോൾ ഒരു വേക്കപ്പ് കോളായിരുന്നു. നിങ്ങൾ എന്റെ മാലാഖയാണ്. അന്നും ഇന്നും നിങ്ങൾ എനിക്കൊപ്പമുണ്ടായിരുന്നു.'' സുശാന്തിന്റെ വീട്ടിൽ നിന്നിറങ്ങിയതിന് പിന്നാലെ റിയ മഹേഷ് ഭട്ടിന് അയച്ച വാട്‌സാപ്പ് സന്ദേശമാണിത്. മഹേഷ് ഭട്ട് നിർമ്മിച്ച ജലേബി എന്ന സിനിമയിൽ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ.

ഇതിന് പിന്നാലെ മഹേഷ് ഭട്ടിന്റെ മറുപടി ഇങ്ങനെയായിരുന്നു. ''തിരിഞ്ഞ് നോക്കരുത്.സാധ്യമായത് ചെയ്യു. നിങ്ങളുടെ പിതാവിനോടുള്ള സ്‌നേഹം അറിയിക്കുന്നു.അദ്ദേഹം സന്തോഷ വാനായിരിക്കും.'' ''താങ്കൾ എന്റെ പിതാവിനെ പറ്റി അന്ന് പറഞ്ഞത് എന്നെ കൂടുതൽ ശക്തയാക്കി. നന്ദി അറിയിക്കുന്നു''. എന്നായിരുന്നു ഇതിന് റിയയുടെ മറുപടി. നീ എന്റെ കുഞ്ഞാണെന്നായിരുന്നു ഇതിന് മഹേഷിന്റെ മറുപടി. വാക്കുകൾ ഇല്ലെന്നും ജീവിതത്തിലെ നല്ല വികാരങ്ങൾ നിങ്ങളോട് തോന്നുവെന്നും റിയ ഇതിന് മറുപടി നൽകി. മഹേഷ് ഇതിന് മറുപടിയായി നന്ദി പറഞ്ഞു.മഹേഷ് ഭട്ട് ദൈവത്തെ പോലെയാണെന്ന് മെസേജയച്ച റിയ അതിനൊപ്പെം മഴവില്ലിന്റെയും പെൺകുട്ടി നൃത്തം ചവിട്ടുന്നതിന്റെയും ഇമോജി കൂടി പങ്കുവച്ചു.

സുശാന്തിന്റെയും റിയയുടെയും ബന്ധത്തിൽ റിയയുടെ പിതാവ് സന്തുഷ്ടനായിരുന്നില്ലെന്നും,,സുശാന്ത് തന്നെയാണ് ഇത് സംബന്ധിക്കുന്ന തെളിവുകൾ റിയയോട് സൂക്ഷിക്കാൻ പറഞ്ഞതെന്നും റിയ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം ജൂൺ എട്ടിന് സുശാന്തിനും റിയയ്ക്കുമിടയിൽ എന്താണ് നടന്നതെന്നാണ് സിബിഐ സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതിലൂടെ മാത്രമേ നടന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമാകു.