കൊച്ചി: കൊച്ചിയിലെ ലഹരിമരുന്നു കേസിൽ സാധുവെന്നു കരുതി എക്‌സൈസ് സംഘം തുടക്കത്തിൽ വെറുതേ വിട്ടത് മുഖ്യ ആസൂത്രകയെ എന്ന് സൂചനകൾ. കോടികളുടെ രാസലഹരി കേസിന്റെ അന്വേഷണം 'ടീച്ചർ' എന്നു സ്വയം പരിചയപ്പെടുത്തിയിരുന്ന പ്രതി സുസ്മിത ഫിലിപ്പിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. കൊച്ചിയിലെ യുവാക്കൾക്കിടയിൽ ലഹരി എത്തിച്ചിരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണു സുസ്മിതയെന്നാണു പ്രാഥമിക അന്വേഷണത്തിൽ എക്‌സൈസ് ക്രൈംബ്രാഞ്ചിനു വ്യക്തമാകുന്നത്.

ആഡംബര വാഹനങ്ങളിൽ ലഹരി കടത്തുമ്പോൾ റോഡിൽ വാഹനപരിശോധന ഒഴിവാക്കാൻ പ്രതികൾ വിലകൂടിയ വളർത്തുനായ്ക്കളെ കൊണ്ടുപോകുമായിരുന്നു. പ്രതികൾ അറസ്റ്റിലായപ്പോൾ ഈ നായ്ക്കളെ ഏറ്റുവാങ്ങാനാണു കേസിലെ 12ാം പ്രതിയായ ഫോർട്ട്‌കൊച്ചി സ്വദേശി സുസ്മിത ഫിലിപ് (40) ടീച്ചറെന്നു സ്വയം പരിചയപ്പെടുത്തി എക്‌സൈസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പ്രതികളെ നേരിട്ട് അറിയാമെന്നും സുസ്മിത വെളിപ്പെടുത്തിയിരുന്നു. പ്രതിയുടെ അന്നത്തെ നീക്കത്തെ എക്‌സൈസ് സംശയിക്കാതിരുന്നതു തെളിവുകൾ നശിപ്പിക്കാൻ സഹായകരമായി.

കേസന്വേഷണം പുരോഗമിച്ചപ്പോഴാണു ലഹരി വിതരണത്തിന്റെ മുഖ്യസൂത്രധാര സുസ്മിതയാണെന്ന സംശയം ബലപ്പെട്ടത്. മകളുടെ ലഹരി ഇടപാടുകളെ കുറിച്ച് അറിവില്ലെന്ന് ഇവരുടെ മാതാപിതാക്കൾ മൊഴിനൽകിയിട്ടുണ്ട്. എക്സൈസ് റെയ്ഡിൽ പിടിയിലായ പ്രതികളെ നിയന്ത്രിച്ചത് ഇവരായിരുന്നെന്നാണ് കണ്ടെത്തൽ. പ്രതികൾക്ക് എംഡിഎംഎ ലഭിച്ചത് എവിടെനിന്ന് എന്ന കാര്യത്തിൽ ഇവർക്ക് അറിവുണ്ട് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ വിശദമായ ചോദ്യം ചെയ്യലിനും ഫ്ളാറ്റിൽ ഉൾപ്പടെ എത്തിച്ചു തെളിവെടുക്കുന്നതിനും ഇവരെ മൂന്നു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്.

കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയിൽ ഇവർ അറിയപ്പെട്ടത് ടീച്ചർ എന്ന പേരിലാണ്. കോട്ടയത്തെ ഒരു സ്‌കൂളിൽ കുറച്ചുനാൾ ഇവർ ജോലി ചെയ്തിരുന്നു. ഇവർ കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തിയതായും വിവരം ലഭിച്ചു. 12 പ്രതികൾ ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ ചിലരുടെ ഫോണിലേക്ക് ശ്രീലങ്കയിൽനിന്നടക്കം കോളുകൾ എത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ സുസ്മിത ഫിലിപ്പ് ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നു. മുഖ്യപ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഇവർ വൻതുക നിക്ഷേപിച്ചതായി കസ്റ്റഡി അപേക്ഷയിൽ എക്‌സൈസ് വ്യക്തമാക്കുന്നു. ഗൂഢാലോചനയിലടക്കം പങ്കാളിയായ ഇവരെ ചോദ്യം ചെയ്യണമെന്നായിരുന്നു എക്‌സൈസിന്റെ അവശ്യം. കോടതി ഇവരെ ഏഴാം തീയതി വരെ എക്‌സൈസ് കസ്റ്റഡിയിൽ വിട്ടു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു പത്തു കിലോയിലേറെ വരുന്ന എംഡിഎംഎ കൊച്ചിയിൽ എത്തിച്ചെന്ന കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരിൽ പലരെയും കുറിച്ച് അറിവുള്ളത് സുസ്മിതയ്ക്കാണ്. ആദ്യം പിടിയിലായ കേസിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് വൻതുകകൾ സുസ്മിത അയച്ചിരുന്നു. ഗൂഗിൾ പേയിലൂടെയും മറ്റുമായിരുന്നു ഇത്. കൊച്ചിയിലെ ഏതാനും ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് ഇവരുടെ നിയന്ത്രണത്തിൽ ലഹരി വിൽപന നടത്തിയിരുന്നു തുടങ്ങിയ കണ്ടെത്തലുകൾ അന്വേഷണ സംഘം കോടതിക്കു കൈമാറിയിട്ടുണ്ട്.

അതേസമയം ഇവരെ നേരത്തേ അറസ്റ്റു ചെയ്യാതിരുന്നത് തെറ്റായ തീരുമാനമായെന്നാണ് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. പ്രധാനപ്പെട്ട പല തെളിവുകളും നശിപ്പിക്കുന്നതിന് ഇവരുടെ അറസ്റ്റ് വൈകിയതു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. വാഴക്കാലയിലെ ഫ്ളാറ്റിൽ ലഹരി പിടികൂടിയതിനു പിന്നാലെ അറസ്റ്റിലായവരുടെ സഹായി എന്ന നിലയിൽ തന്നെ എത്തിയ ഇവരെ ചോദ്യം ചെയ്യുന്നതിനു പോലും എക്സൈസ് സംഘം തയാറായിരുന്നില്ല. പകരം നായയെ കൈമാറുന്നത് ഉൾപ്പെടെ ഇവർക്കു വേണ്ട സഹായം ചെയ്യുകയാണ് ഉദ്യോഗസ്ഥർ ചെയ്തത് എന്ന ആക്ഷേപവും ഉയർന്നു.

പ്രതികളായ സംഘത്തെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്ഥലത്തെത്തിയ 'ടീച്ചർ' കൊച്ചിയിൽ ഇവർക്കു വേണ്ട സൗകര്യങ്ങൾ ചെയ്തിരുന്ന ആളാണ് എന്നാണു പരിചയപ്പെടുത്തിയിരുന്നത്. പ്രതികൾ ലഹരി കടത്തിനു കാറിൽ അകമ്പടിയായി ഉപയോഗിച്ച മുന്തിയ ഇനത്തിൽ പെട്ട നായയെ സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥർ ഇവരെ ഏൽപിക്കുകയായിരുന്നു. ഇവരാകട്ടെ നായയെ സ്വന്തം വീട്ടിലേയ്ക്കു കൊണ്ടുപോകുന്നതിനു പകരം കൊച്ചിയിലെ തന്നെ ഒരു നായ സംരക്ഷണ കേന്ദ്രത്തിൽ ഏൽപിക്കുകയായിരുന്നു.

ഇതിനായി ഒരു ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു പറഞ്ഞ് ഇവരെ സഹായിക്കുകയും ചെയ്തു. ദിവസങ്ങളോളം നായ സംരക്ഷണ കേന്ദ്രത്തിൽ സൂക്ഷിച്ച നായയെ ഇവർ കൊണ്ടു പോകാതെ വന്നതോടെ സ്ഥാപന ഉടമ രംഗത്ത് എത്തിയിരുന്നു. ഇതോടെ ബന്ധുക്കൾ എന്നു പറഞ്ഞ് ഒരാളെ ടാക്സിയുമായി പറഞ്ഞയച്ചാണ് ഇവർ നായയെ കൊണ്ടു പോയത്.

കേസിൽ ഇനിയും ഏറെപേർ പിടിയിലാകാനുണ്ടെന്നാണ് എക്സൈസ് പറയുന്നത്. കഴിഞ്ഞദിവസമാണ് 12-ാം പ്രതി സുസ്മിതയെ അറസ്റ്റ് ചെയ്തത്. ലഹരി പാർട്ടികൾ സംഘടിപ്പിക്കാനും സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കാനും മുന്നിൽ നിന്നത് സുസ്മിതയായിരുന്നു. വൻകിട ഹോട്ടലുകളിലും ക്ലബ്ബുകളിലും നടന്ന റേവ് പാർട്ടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. പ്രതികളിൽ ചിലർക്കൊപ്പം ഒട്ടേറെ ഹോട്ടലുകളിൽ ഇവർ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ രംഘത്തെ ചിലരുമായി ബന്ധം സൂക്ഷിക്കുന്ന ഇവരാണ് പല ഡീലുകളിലും ഇടനിലക്കാരിയെന്നാണ് കരുതുന്നത്.

ആദ്യ ഘട്ടത്തിൽ തന്നെ 'ടീച്ചർ' എന്ന സുസ്മിതയ്ക്കെതിരെ ആരോപണം വന്നതോടെ ഇവരെ എക്സൈസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരുന്നു. കൊച്ചിയിലെ അറിയപ്പെടുന്ന അഭിഭാഷകയുമായി കസ്റ്റംസ് ഓഫിസിലെത്തിയ ഇവരെ കാര്യമായി ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്നു മറ്റു പ്രതികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു. ഫോർട്ടുകൊച്ചി സ്വദേശിനിയായ സുസ്മിത ഫിലിപ്പിനെ കോട്ടയത്തേക്കാണു വിവാഹം കഴിച്ച് അയച്ചിരുന്നത് എങ്കിലും ഭർത്താവുമായി പിണങ്ങി എറണാകുളത്തായിരുന്നു താമസം.