കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റു ഉണ്ടായേക്കും. ടീച്ചറെന്ന് വിളിക്കുന്ന കൊച്ചി സ്വദേശിയായ സുസ്മിത ഫിലിപ്പാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. കൂടുതൽ അന്വേഷണത്തിനായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുസ്മതിയെ എക്‌സൈസ് കസ്റ്റഡിയിൽ വാങ്ങും. കൊച്ചിയിലെ ഫ്‌ളാറ്റുകൾ വഴിയും,ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചും വലിയ തോതിൽ മയക്കുമരുന്ന് വിൽപ്പന നടന്നിട്ടുണ്ട്. ഇതിനൊക്കെയും ചരട് വലിക്കുന്നത് സുസ്മിതയാകാമെന്നാണ് അന്വേഷണ സംഘങ്ങൾ നൽകുന്ന സൂചന.

കൂടുതൽ പേർ പിടിയിലാകാൻ ഉണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. എന്നാൽ സുസ്മിതക്ക് പിന്നിൽ ഒരു വമ്പൻ സംഘമോ അല്ലെങ്കിൽ വ്യക്തികളോ ഉണ്ടാവാനും സാധ്യതയുണ്ട്. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വിൽപ്പനയുടെ സൂത്രധാര സുസ്മിത ഫിലിപ്പായിരുന്നു. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിയായ സുസ്മിതയാണ് സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതും.

ആദ്യം ചോദ്യം ചെയ്ത വിട്ടയച്ച ഇവരെ കഴിഞ്ഞ 30 നാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ലഹരി മരുന്നിന്റെ ഉറവിടവും സംഘത്തിലെ പ്രധാനികളെയും കണ്ടെത്താമെന്ന കണക്കുകൂട്ടലിലാണ് എക്‌സൈസ്. കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് ഒന്നേകാൽ കിലോ എംഡിഎംഎയുമായി അഞ്ച് പേരെ എക്‌സൈസും കസ്റ്റംസും ചേർന്ന് അറസ്റ്റ് ചെയ്തത്.

അന്നുതന്നെ സുസ്മിതയെ പിടികൂടിയെങ്കിലും നായ്ക്കളുടെ സംരംക്ഷക എന്ന് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. നിലവിൽ കേസിലെ പന്ത്രണ്ടാം പ്രതിയാണ് സുസ്മിത ഫിലിപ്പ്. ലഹരിക്കടത്തിന് ഇറങ്ങുമ്പോൾ തങ്ങൾ നായകളെയുമായി തങ്ങൾ കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കലാണ് ഇവരുടെ ബുദ്ധി. ഇങ്ങിനെയാണ് ആദ്യവട്ടം പിടിയിലാവുമ്പോഴും ഇവർ രക്ഷപ്പെട്ടത്.

ഇത്തവണ ഒരു കിലോ എം.ഡി.എം.എയും അറസ്റ്റിലാവുമ്പോൾ ഇവരുടെ പക്കലുണ്ടായിരുന്നുവെന്നാണ് എക്‌സൈസ് നൽകുന്ന സൂചന. ഇനിയും കേസിൽ കൂടുതൽ അന്വേഷണം വേണ്ടി വരും. 11 കോടിയുടെ ലഹരിയാണ് കൊച്ചിയിൽ പിടികൂടിയത്. ചെന്നൈയിൽ നിന്നായിരുന്നു മയക്കുമരുന്ന് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തി. ആറ് പേരെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ കേസ് അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു.

12 പ്രതികളെയാണ് കാക്കനാട് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിൽ അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ട സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് പറയുന്നു. ഇവർ പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും വലിയ തോതിൽ സാമ്പത്തിക സഹായം ചെയ്തിരുന്നു. എല്ലാ ഗൂഢാലോചനകളിലും ഇവർ പങ്കാളിയായിരുന്നുവെന്നും എക്‌സൈസ് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു.

അറസ്റ്റിലായ പ്രതികൾക്ക് ശ്രീലങ്കയിൽ നിന്നും വന്ന ഫോൺകോളുകളെ കുറിച്ചും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ചെന്നൈയിൽ നിന്നുമാണ് മാരക മയക്കുമരുന്നായ എംഡിഎ പ്രതികൾക്കു ലഭിച്ചത്. മയക്കുമരുന്ന് നൽകിയവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാവാവുണ്ട്.