തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വർണകടത്തു കേസ് പ്രതി സ്വപ്നയുടെ മൊഴി നൽകി. 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച് വിദേശകറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്നയുടെ മൊഴിയിൽ ഉള്ളത്. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കർ സ്വപ്നയെ ഫോണിൽ വിളിച്ച് ഒരു പാക്കറ്റ് മുഖ്യമന്ത്രിക്ക് എത്തിക്കേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഈ പാക്കറ്റ് കോൺസുലേറ്റിലെ അഡ്‌മിൻ അറ്റാഷെയായ അഹമ്മദ് അൽദൗഖി നേരിട്ട് യു.എ.ഇയിൽ എത്തിക്കുകയായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി.

യു.എ.ഇ കോൺസുലേറ്റിലെ ഫിനാൻസ് ഹെഡായ ഖാലിദ് പ്രതിയായ ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആറു പ്രതികൾക്ക് നൽകിയ ഷോകോസ് നോട്ടീസിലാണ് മൊഴികളുള്ളത്. ജൂലൈ 29 ന് കസ്റ്റംസ് അയച്ച ഷോകോസ് നോട്ടീസിന്റെ പകർപ്പ് മീഡിയാവൺ ചാനലാണ് പുറത്തുവിട്ടത്. യുഎഇയിൽ എത്തിയ ഒരു പാക്കറ്റ് പൊതു ഭരണ വകുപ്പിലെ ഉദ്യേഗസ്ഥനായ ഹരികൃഷ്ണനിൽ നിന്ന് വാങ്ങിയെന്നും ഇതാണ് അഹമ്മദ് അൽദൗഖി വഴി മുഖ്യമന്ത്രിക്കായി യു.എ.ഇയിൽ എത്തിച്ചതെന്നും സരിതിന്റെ മൊഴിയിൽ പറയുന്നു.

ഹരികൃഷ്ണൻ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറാണ്. ഈ പാക്കറ്റ് സ്‌കാൻ ചെയ്തപ്പോൾ ഒരു ബണ്ടിൽ കറൻസി കണ്ടതായും സരിതിന്റെ മൊഴിയിലുണ്ട്. ഈ പാക്കറ്റ് എത്തിച്ചു നൽകിയതിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്ത് വ്യക്തമാക്കി. അഹമ്മദ് അൽദൗഖി വഴി ഈ പാക്കറ്റ് യു.എ.ഇയിലുള്ള മുഖ്യമന്ത്രിക്ക് എത്തിച്ചു നൽകുകയായിരുന്നു.

പാക്കറ്റ് യു.എ.ഇയിലേക്ക് എത്തിച്ചു നൽകിയതായി എ.ശിവശങ്കർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അതിൽ വിദേശത്തുള്ളവർക്ക് നൽകാനുള്ള സമ്മാനങ്ങളായിരുന്നുവെന്നും വിദേശ കറൻസി ആയിരുന്നില്ലെന്നുമാണ് ശിവശങ്കർ പറയുന്നത്. മുഖ്യമന്ത്രി പോകുന്ന സമയത്ത് ഒരു സമ്മാനം മാത്രമാണ് തയാറായിരുന്നതെന്നും മൂന്ന് സമ്മാനങ്ങൾ കൂടി അവിടെ എത്തിക്കേണ്ടതുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്മാനം ആരു വഴിയാണ് എത്തിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 1.9 ലക്ഷം യുഎസ് ഡോളർ ഒളിപ്പിച്ചിരുന്നതു 3 ബാഗുകളിലായാണെന്നും മസ്‌കത്ത് വിമാനത്താവളത്തിൽ വച്ച് ഇത് സിഗരറ്റ് പായ്ക്കറ്റിലേക്കു മാറ്റിയതായും സ്വപ്‌നയുടെ മറ്റൊരു മൊഴിയിൽ ഉണ്ട്.

'ട്രോളി ബാഗ്, ബാക്പാക്, സൈഡ് ബാഗ് എന്നിവയിലായാണു ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം ഡോളർ ഒളിപ്പിച്ചത്. കോൺസുലേറ്റിലെ എക്‌സ്‌റേ മെഷീനിൽ ബാഗുകളെല്ലാം ആദ്യം പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നു. ഖാലിദ്, ബാഗ് എക്‌സ്‌റേ മെഷീനിലിട്ട് പല ആംഗിളുകളിൽനിന്നു പരിശോധിക്കുന്നത് മുൻപും ഞാൻ കണ്ടിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനയിൽ, തീരെ സംശയം തോന്നാത്ത രീതിയിൽ ഒളിപ്പിക്കാൻ വേണ്ടിയുള്ള മുൻകരുതലായിരുന്നു ഇത്. അന്നു മസ്‌കത്ത് വിമാനത്താവളത്തിലെത്തിയ ശേഷം, ട്രാൻസിറ്റ് ലൗഞ്ചിലെ ഹോട്ടലിൽ ഖാലിദ് അലി ഷൗക്രി മുറിയെടുത്തു. ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വലിയ പായ്ക്കറ്റ് സിഗരറ്റ് വാങ്ങിയിരുന്നു.

ബാഗുകളിൽനിന്നുള്ള വിദേശ കറൻസി, മുറിയിൽ വച്ച് സിഗരറ്റ് പായ്ക്കറ്റുകളിലേക്കു മാറ്റി. ഇതിനു വേണ്ടി, വലിയ പായ്ക്കറ്റിൽനിന്നു മാറ്റിയ ചെറിയ പായ്ക്കറ്റുകൾ സരിത്തിനു നൽകി. ഇതിനു ശേഷം ഞാനും സരിത്തും ദുബായിലേക്കും ഖാലിദ് അലി ഷൗക്രി കെയ്‌റോയിലേക്കും യാത്ര തുടർന്നു. ഇതിനു മുൻപു ഖാലിദ് മൂന്നോ നാലോ തവണ വൻതോതിൽ വിദേശ കറൻസി കെയ്‌റോയിലേക്ക് ഒളിപ്പിച്ചു കടത്തിയിട്ടുണ്ട്. സരിത്തും കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷുമാണു തിരുവനന്തപുരം വിമാനത്താവളത്തിൽ വേണ്ട സൗകര്യം ചെയ്തു കൊടുത്തിരുന്നത്. ഒരു തവണ, വിദേശ കറൻസിയുമായി ഖാലിദിനെ വിദേശ വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ഇത്, കെയ്‌റോയിലാണോ കുവൈത്തിലാണോയെന്നു വ്യക്തമല്ല.' മൊഴിയിൽ പറയുന്നു.

യുഎഇ കോൺസുലേറ്റിലെ മറ്റു ചില മുൻ ഉദ്യോഗസ്ഥരും വിദേശ കറൻസി കടത്തിയെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കുന്നു. ഡോളർ കടത്തു കേസിലെ കാരണം കാണിക്കൽ നോട്ടിസിലാണ്, മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് അൽ മുസാഖിരി, ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് ഷൗക്രി എന്നിവർക്കു പുറമെ യുഎഇ കോൺസുലേറ്റിലെ മറ്റു ചില ഉദ്യോഗസ്ഥർ കൂടി വിദേശത്തേക്കു കറൻസി കടത്തിൽ സജീവമായിരുന്നുവെന്നു സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളെ അടിസ്ഥാനമാക്കി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പറയുന്നത്.

നയതന്ത്ര പ്രതിനിധികളായ അബ്ദുല്ല സാദ് അൽ ഖുഹ്താനി, അഹമ്മദ് അൽ ദൗഖി എന്നിവരും ഡോളർ കടത്തിലുണ്ടായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴിയിലുള്ളത്. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 7ന് 1.90 ലക്ഷം ഡോളർ തിരുവനന്തപുരം വിമാനത്താവളം വഴി മസ്‌കത്തിലേക്കും അവിടെനിന്നു കെയ്‌റോയിലേക്കും കടത്തിയെന്നാണു ഡോളർ കടത്ത് കേസ്. അന്നു ഖാലിദിന്റെ നിർബന്ധ പ്രകാരം താനും സരിത്തും മസ്‌കത്തു വരെ ഖാലിദിനൊപ്പം യാത്ര ചെയ്തിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

'മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയും ഇതുപോലെ പലതവണ ബാഗുകൾ കോൺസുലേറ്റിൽ വച്ച് എക്‌സ്‌റേ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്നു ഖാലിദ് എന്നോടു പറഞ്ഞിട്ടുണ്ട്. ബാഗിൽ വിദേശ കറൻസി ഒളിപ്പിക്കുന്നതു ഗൺമാൻ ജയഘോഷിനും സരിത്തിനും അറിയാമായിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട കരാറുകളിൽ കൂടുതൽ കമ്മിഷൻ ലഭിക്കാൻ വേണ്ടി കോൺസൽ ജനറലും ഖാലിദ് അലി ഷൗക്രിയും ജീവനക്കാരിൽ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു' മൊഴിയിൽ പറയുന്നു.