കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന് വിനയാകുന്നത് ലോക്കറുകളിൽ നിന്നും കണ്ടെടുത്ത പണവും സ്വർണവും. ലോക്കറിലെ പണം കള്ളക്കടത്ത് വഴിയുള്ളതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. അതേസമയം, സ്വർണം തനിക്ക് വിവാഹ സമ്മാനമായി അച്ഛൻ തന്നതാണ് എന്ന് സ്വപ്ന പറയുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായില്ലെങ്കിൽ സ്വർണക്കടത്തിന്റെ ഭാഗമാണിതെന്ന അന്വേഷണ ഏജൻസികളുടെ വാദം കോടതി അംഗീകരിച്ചേക്കും എന്നാണ് നിയമവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 24-ാം സെക്‌ഷൻ പ്രകാരം അന്വേഷണസംഘം കണ്ടെടുത്ത വസ്തുക്കളുടെ ഉറവിടം പ്രതിക്ക് വെളിപ്പെടുത്താനായില്ലെങ്കിൽ കേസിന്റെ ഭാഗമായി കണക്കാക്കും. കേസുമായി ബന്ധമുള്ളതല്ല അന്വേഷണസംഘം കണ്ടെടുത്ത വസ്തുക്കൾ എന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിയുടേതാണ്.

എൻ.ഐ.എ. കസ്റ്റഡിയിലുള്ളപ്പോഴാണ് സ്വപ്‌നയുടെ തിരുവനന്തപുരത്തെ ബാങ്ക് ലോക്കറിൽനിന്ന് 36.5 ലക്ഷം രൂപ കണ്ടെടുത്തത്. തിരുവനന്തപുരത്തെ മറ്റൊരു ബാങ്ക് ശാഖയിലാണ് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണാഭരണങ്ങളും ഉണ്ടായിരുന്നത്. ആഭരണങ്ങൾ വിവാഹസമ്മാനമായി അച്ഛൻതന്നതാണെന്നായിരുന്നു സ്വപ്നയുടെ വാദം. അതേസമയം, ലോക്കറുകളിലെ ഒരുകോടി രൂപ, യു.എ.ഇ. കോൺസുലേറ്റിൽനിന്നു ലഭിച്ച ‘സമ്മാനം' ആണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴുള്ള കേസുകൾക്കുപുറമേ ഉപകേസായി വിദേശസഹായ നിയന്ത്രണചട്ടം (എഫ്.സി.ആർ.എ.) ലംഘിച്ചതിനും കേസ് വരും. ലോക്കറിലെ ഒരുകിലോയോളം സ്വർണത്തിന്റെ ഉറവിടവും സ്വപ്‌നയ്ക്ക് തെളിയിക്കേണ്ടി വരും. കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ വിദേശ സ്രോതസ്സുകളിൽനിന്നു നേരിട്ടോ അല്ലാതെയോ സമ്മാനം സ്വീകരിക്കുന്നത് ചട്ടലംഘനമാണ്. സമ്മാനം എന്നതിൽ സ്വപ്‌ന ഉറച്ചുനിന്നാൽ ഇ.ഡി.ക്കും ഫോറിൻ ട്രേഡ് അഥോറിറ്റിക്കും കേസെടുക്കാം.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) പ്രധാന വാദം ലോക്കറിലെ പണവും സ്വർണവും കള്ളക്കടത്തിന്റെ ഭാഗമാണമെന്നാണ്. ലൈഫ് മിഷൻ കരാറിനുള്ള കമ്മിഷൻ കൈമാറിയത് ബാങ്ക് അക്കൗണ്ട് വഴിയാണ്. സന്ദീപ് നായരുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. സ്വപ്നയ്ക്കു നേരിട്ട് പണം നൽകിയിട്ടില്ലെന്ന് യൂണിടാക് ഉടമ മൊഴി നൽകിയെന്ന് ഇഡി വ്യക്തമാക്കി.

സ്വർണക്കടത്തിന് ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടത്തിയെന്ന് സ്വപ്ന എൻഫോഴ്സ്മെൻറിന് മൊഴി നൽകിയിട്ടുണ്ടെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു. എൻഫോഴ്സ്മെൻറ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതി സ്വപ്നയുടെ ജാമ്യഹർജി കോടതി തള്ളിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന എൻഫോഴ്സ്മെൻറ് വാദം കൂടി പരിഗണിച്ചാണു കോടതി സ്വപ്നയുടെ ജാമ്യം തള്ളിയത്.

സ്വർണക്കടത്തിൽ എൻഫോഴ്സ്മെൻറ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം നൽകാനാവില്ലെന്നും വ്യക്തമാക്കിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്നയുടെ ജാമ്യാേപക്ഷ തള്ളിയത്. സ്വർണക്കടത്തിൽ പങ്കുള്ളതായും രാജ്യത്തും പുറത്തും ഇതിന് ഗൂഢാലോചന നടത്തിയെന്നും സ്വപ്ന എൻഫോഴ്സ്മെൻറിനു മൊഴി നൽകിയതും കോടതി ചൂണ്ടിക്കാട്ടി.

സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് എൻഫോഴ്സ്മെൻറ് ആവശ്യപ്പെട്ടതും കോടതി പരിഗണിച്ചു. എൻഫോഴ്സ്മെൻറിനു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അൻപതാം വകുപ്പ് പ്രകാരം പ്രതി നൽകുന്ന മൊഴി അവർക്കെതിരെ തെളിവായി പരിഗണിക്കുമെന്നതിനാൽ സ്വപ്നയുടെ മൊഴി പ്രധാനമാണ്. ലോക്കറിൽ സ്വപ്ന സൂക്ഷിച്ചിരിക്കുന്ന സ്വർണം കള്ളപ്പണമാണെന്ന എൻഫോഴ്സ്മെൻറ് കണ്ടെത്തലും കോടതി പരാമർശിച്ചു.

സ്വപ്നയുടെ ഉന്നതബന്ധം കൂടുതൽ മറ നീക്കിയത് എൻഫോഴ്സ്മൻറ് കോടതിയിൽ നൽകിയ റിപ്പോർട്ടിലായിരുന്നു. ചാർട്ടേഡ് അക്കൗണ്ടൻറുമായി ചേർന്ന് ലോക്കർ എടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ െസക്രട്ടറി എം.ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന് സ്വപ്ന മൊഴി നൽകിയത് എൻഫോഴ്സ്മെൻറാണ് കോടതിയിൽ അറിയിച്ചത്. എം.ശിവശങ്കറുമൊന്നിച്ച് മൂന്നു തവണ വിദേശയാത്ര നടത്തിയതും എൻഫോഴ്സ്മെൻറിന്റെ അന്വേഷണത്തിലാണു വ്യക്തമായത്.

സ്വർണക്കടത്തിന് ഇന്ത്യയിലും വിദേശത്തുമായി ഗൂഢാലോചന നടത്തിയെന്നാണ് സ്വപ്‌ന നൽകിയ മൊഴി. ഇക്കാര്യം കോടതിയും വ്യക്തമാക്കി. ഇതേ തുടർന്നാണ് സ്വപ്‌നയുടയെ ജാമ്യം തള്ളിയത്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന എൻഫോഴ്‌സ്‌മെന്റിന്റെ വാദം പരിഗണിക്കുകയും ചെയ്തു. സ്വപ്‌ന സ്വാധീനമുള്ള വ്യക്തിയാണെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. അതേസമയം എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിക്ക് കോടതിയിൽ നിയമ പ്രാബല്യമുണ്ട്. ഇതാണ് സ്വപ്‌നയ്ക്ക് കുരുക്കാവുക.

കേസ് ഡയറി പരിശോധിച്ചതിൽ നിന്ന് കള്ളപണം വെളുപ്പിക്കലിന് തെളിവുണ്ട്. കള്ളക്കടത്തിലൂടെ ലഭിച്ച പണം വസ്തു വാങ്ങാൻ ഉപയോഗിച്ചതായും സംശയമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്നും കോടതി പറഞ്ഞു. ഹവാല ബിനാമി ഇടപാടുകലിലും കള്ളപണം വെളുപ്പിക്കലിലും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റിന് സാധിച്ചിട്ടില്ലെന്നായിരുന്നു സ്വപ്‌ന വാദിച്ചത്.