തിരുവനന്തപുരം: സ്വർണക്കടത്തിലെ 'രാഷ്ട്രീയ ഉന്നതനെ'ക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പുതിയമാനം. സ്വപ്‌നയുടെ മൊഴിയിൽ രാഷ്ട്രീയ ഉന്നതനായ ഭരണഘടനാ പദവിയിലുള്ള ആൾ കുടുങ്ങിയത് വ്യക്തമായി റിപ്പോർട്ട് ചെയ്തത് മനോരമയാണ്. ആദ്യ രണ്ട് ദിവസം സ്പീക്കർ എന്ന് എഴുതാൻ മടിച്ച മനോരമയും അത് കൂടി ഇപ്പോൾ കുറിക്കുകയാണ്. ഒരു രാഷ്ട്രീയ അധോലോക സിനിമയ്ക്കു തന്നെ പറ്റുന്ന രംഗങ്ങളാണു കേരള രാഷ്ട്രീയത്തിൽ നിറയുന്നതന്നെും മനോരമ വിശദീകരിക്കുന്നു.

കേരളത്തിന്റെ ചരിത്രത്തിൽ സ്പീക്കർക്കെതിരെ ഇങ്ങനെ ഒരു ആക്ഷേപം രാഷ്ട്രീയ എതിരാളികളിൽ നിന്ന് ഉണ്ടായിട്ടില്ല. അതു കണക്കിലെടുത്തുള്ള മറുപടിക്കു സർക്കാരോ സ്പീക്കറോ സിപിഎമ്മോ മുതിർന്നില്ല. കോടതിയിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ സുരേന്ദ്രന് എങ്ങനെ ലഭിച്ചെന്ന മറു ചോദ്യമാണു സിപിഎം നേതാക്കൾ ഉയർത്തിയത്. ഇതാണ് മനോരമയുടെ നിലപാട്. ഇടതു മുന്നണിയോ സിപിഎമ്മോ ഔദ്യോഗിക പ്രസ്താവന ഇറക്കിയില്ല. സ്പീക്കറുടെ ഓഫിസും മൗനത്തിലാണ്. കൽപിത കഥകൾക്ക് ഉത്തരമെന്തിനെന്നു നേതാക്കൾ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർക്കുന്നു.

സ്വർണക്കേസ് പ്രതികൾക്ക് ഒത്താശ നൽകിയ ഉന്നതനുമായി ബന്ധപ്പെട്ട സൂചനകൾ ഏതാനും ദിവസമായി പുറത്തു വന്നിരുന്നെങ്കിലും പേരെടുത്ത് മനോരമ അടക്കം ആരും പറഞ്ഞിരുന്നില്ല. മറുനാടൻ സ്പീക്കർക്കെതിരെയാണ് മൊഴികളെന്ന് ആദ്യ ദിനം തന്നെ വ്യക്തമാക്കുകയും ചെയ്തു. കസ്റ്റംസിനോട് സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവതരമാണെന്ന സൂചനയെ തുടർന്നായിരുന്നു അത്. അതു സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് എന്ന ഗുരുതര ആരോപണമാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നലെ ഉന്നയിച്ചത്. ഭരണഘടനാ പദവി വഹിക്കുന്ന നേതാവിനെ സംശയിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതു സ്പീക്കറാണ് എന്ന് എടുത്തു പറഞ്ഞില്ല.

യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലുള്ള സൗഹൃദം സ്വപ്നയോട് അക്കാലത്ത് ഉണ്ടായി എന്നതിൽ കവിഞ്ഞ ആരോപണങ്ങൾ നേതാക്കൾ തള്ളിക്കളയുന്നു. കേന്ദ്ര ഏജൻസികളുടെ ആളായി മാപ്പു സാക്ഷിയാകാനാണു സ്വപ്നയുടെ ശ്രമമെന്നു പാർട്ടി സംശയിക്കുന്നു. മുഖ്യ പ്രതിയെ ഉപയോഗിച്ചു ഭരണനേതൃത്വത്തെ വേട്ടയാടുന്ന രാഷ്ട്രീയക്കളിയിലാണു കേന്ദ്ര ഏജൻസി എന്ന പ്രതിഷേധത്തിലുമാണ് പാർട്ടി. വോട്ടെടുപ്പു വേളയിൽ ഇതെല്ലാം ഉയർന്നത് യാദൃച്ഛികമെന്നു കരുതുന്നില്ല. തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തോടു തുറന്ന ഏറ്റുമുട്ടൽ എന്ന സൂചനകളാണു ശക്തമെന്നും മനോരമ ഇന്ന് റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ സ്വർണ്ണ കടത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുതിയ തലങ്ങളിലേക്ക് എത്തുന്നു. കോടതിയിൽ തെളിവുകൾ ബോധ്യപ്പെടുത്തിയുള്ള നടപടികളാണ് എൻഐഎ അടക്കമുള്ള ഏജൻസികളുടെ ലക്ഷ്യം. പതിയെ ശിവശങ്കറും സത്യം പറഞ്ഞു തുടങ്ങുമെന്നും വിലയിരുത്തുന്നു. ഇതോടെ കൂടുതൽ സ്‌ഫോടനാത്മക വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഏതായാലും സ്പീക്കർക്കെതിരെ ഇനിയും ആരോപണങ്ങൾ ശക്തമാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്. മജിസ്‌ട്രേട്ടിന് മുമ്പിൽ നൽകിയ മൊഴി എന്നായാലും പുറത്തു വരുമെന്ന് പിണറായി സർക്കാരിനും അറിയാം.

സ്വർണക്കടത്തിൽ എം. ശിവശങ്കർ ഉൾപ്പെടെ പ്രമുഖരുടെ പങ്ക് വ്യക്തമാക്കിയതോടെയാണു മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് തീരുമാനിച്ചത്. സ്വർണക്കടത്തിൽ ചതിക്കപ്പെട്ടെന്നും കോൺസുലേറ്റ് അധികൃതരും ചില ഉന്നതരുമാണ് അതിനു പിന്നിലെന്നും സ്വപ്ന പറയുന്നു. ഈ മൊഴി അന്വേഷണ ഏജൻസികൾ അപ്പാടെ തള്ളുന്നില്ല. കഴിഞ്ഞ ഒക്ടോബർ 10-ന് കോഫെപോസ ചുമത്തിയശേഷമാണു സ്വപ്ന സുപ്രധാനവിവരങ്ങൾ വെളിപ്പെടുത്താൻ തയാറായത്. സ്ഥിരം സാമ്പത്തികക്കുറ്റവാളികൾക്കെതിരേയാണു കോഫെപോസ ചുമത്തുന്നത്. അതിനിടെയാണ് ഇഡി ചോദ്യം ചെയ്യാൻ വിളിച്ച മുഖ്യമന്ത്രിയുടെ അഡീഷനൽ പിഎസ് സി.എം.രവീന്ദ്രൻ മൂന്നാമതും ആശുപത്രിയിൽ പ്രവേശിച്ചത് ഉന്നത നേതൃത്വത്തിന്റെ അനുമതിയോടെയാണ്. വോട്ടെടുപ്പു ദിനത്തിൽ തന്നെയുള്ള ചോദ്യംചെയ്യൽ ഒഴിവാക്കണമെന്നു സിപിഎം ആഗ്രഹിക്കുന്നു. രവീന്ദ്രനു വ്യാധിയോ അതോ, ആധിയോ എന്ന ചോദ്യമാണു പ്രതിപക്ഷത്തിന്റേത്.

അതിനിടെയാണ് സ്വർണക്കടത്തിലും ഡോളർ കടത്തിലും രാജ്യാന്തര കുറ്റവാളികൾക്കു കേരള സ്പീക്കർ ഒത്താശ ചെയ്തുകൊടുത്തെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചത്. സ്പീക്കർ മാത്രമല്ല, സംസ്ഥാന മന്ത്രിമാരും സ്വർണക്കടത്തിൽ സഹായിച്ചു. സ്പീക്കർ നടത്തിയ വിദേശയാത്രകൾ പലതും അനുമതിയില്ലാത്തതും ദുരൂഹവുമാണ്. അധോലോക സംഘങ്ങളെ സഹായിക്കാൻ ഭരണഘടനാപരമായ പദവി ദുരുപയോഗിച്ചതു ഗുരുതരമായ കുറ്റമാണെന്നും സുരേന്ദ്രൻ പറയുന്നു.