തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജയിലിൽ നിന്നുള്ള എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയെ കുറിച്ച് ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനൊപ്പം കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല സംഭാഷണം പുറത്തു പോയതെന്ന് ജയിൽ വകുപ്പ് കണ്ടെത്തി കഴിഞ്ഞു. ഇതോടെ കൊച്ചിയിൽ വച്ചാകും ചോർച്ചയെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

സ്വപ്‌നാ സുരേഷിനെ കൊച്ചിയിൽ വച്ച് വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ പറഞ്ഞതാകാം പുറത്തു വന്നതെന്നാണ് കേന്ദ്ര ഏജൻസികളുടെ പ്രധാന സംശയം. എന്നാൽ ഇത് വിജിലൻസ് നിഷേധിക്കുന്നു. അങ്ങനെ ഒന്നു സംഭവിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. സംഭാഷണം എങ്ങനെ പുറത്തു പോയി എന്നത് ഗൗരവത്തോടെയാണ് സിബിഐ അടക്കമുള്ളവർ എടുക്കുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമായും സംശയിക്കുന്നു. ചില രാഷ്ട്രീയക്കാരുടെ പേരു പറയാൻ കേന്ദ്ര ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന് കോടതിയെ ശിവശങ്കർ അറിയിച്ചിരുന്നു. സമാനമായ ഗൂഢാലോചന ഇവിടേയും നടന്നുവെന്നാണ് നിഗമനം. ആരോ മനപ്പൂർവ്വം റിക്കോർഡ് ചെയ്തതാണിതെന്നും ഇത് അടുത്ത ദിവസം റിക്കോർഡ് ചെയ്തതല്ലെന്നും അവർ വിലയിരുത്തുന്നത്.

ഈ സംഭാഷണത്തിന്റെ എല്ലാം സ്വപ്‌നയ്ക്ക് അറിയാമെന്നാണ് കേന്ദ്ര ഏജൻസികളുടെ കണക്കു കൂട്ടൽ. വ്യക്തമായ ഗൂഢാലോചന ഇതിൽ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ശബ്ദരേഖയിലെ സത്യം കണ്ടെത്താനാണ് അവരുടെ ശ്രമം. എൻഐഎയും സിബിഐയും ഐബിയും സംയുക്തമായി അന്വേഷണം നടത്തും. സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നതും പരിഗണിക്കും. സത്യം കണ്ടെത്താനാണ് ഇത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അതിരൂക്ഷമായ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഇത്.

സ്വപ്നയ്‌ക്കെതിരെ യുഎപിഎ ചുമത്തിയതു മുതൽ അവരെ അട്ടക്കുളങ്ങര വനിത ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ കാലയളവിൽ സ്വപ്ന ഒരിക്കൽ മാത്രം ഫോൺ വിളിച്ചത്. അത് അമ്മയെയാണ്. മൂന്നു ബുധനാഴ്ചകളിലായി അഞ്ച് പേർ മാത്രമാണ് സന്ദർശനം നടത്തിയത്. അമ്മ, സഹോദരൻ, ഭർത്താവ് രണ്ട് മക്കൾ എന്നിവരാണ് അവർ. അതും കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. സന്ദർശകരുടെ ഫോണുകൾ പിടിച്ചുവച്ചശേഷമാണ് സന്ദർശനം അനുവദിച്ചതെന്നും ജയിൽ വകുപ്പ് അറിയിച്ചു. എന്നിട്ടും എങ്ങനെ ഫോൺ സംഭാഷണം പുറത്തു വന്നു എന്നതാണ് ഉയരുന്ന ചോദ്യം. ഇത് വിവാദങ്ങൾക്ക് പുതുമാനം നൽകും. ഈ സാഹചര്യത്തിലാണ് അന്വേഷണം.

അതിനിടെ വിഷയം ചർച്ചയാക്കി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തു വന്നു. ജയിൽ ഡി. ജി. പി എനിക്കെതിരെ ഇന്നൊരു വാറോല പുറപ്പെടുവിച്ചിരിക്കുന്നത് കാണാനിടയായി. തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ജയിലിൽ നിയമം ലംഘിച്ച് സ്വപ്നയെക്കാണാൻ നിരവധി ആളുകൾ വരുന്നു എന്ന ആരോപണം ഞാൻ ഉന്നയിച്ചത്. അത് അക്ഷരംപ്രതി ശരിവെക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. അതും മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ട്. ഡി. ജി. പി അതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. അതുകഴിഞ്ഞിട്ടാവാം എനിക്കെതിരെയുള്ള ചന്ദ്രഹാസം....-സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കോൺഗ്രസ് നേതാക്കളും വിമർശനവുമായി എത്തി. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളാണ് ഇതിന് പിന്നിലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മാപ്പുസാക്ഷിയാക്കാമെന്ന് വാക്ക് നൽകി മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്നാണ് ശബ്ദരേഖയിലെ ഉള്ളടക്കം. ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ അതോ ആരെങ്കിലും കൃത്രിമമായി സൃഷ്ടിച്ചതാണോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്വപ്നയുടേതെന്ന് അവർ തന്നെ സമ്മതിച്ചു കഴിഞ്ഞു., ആ ശബ്ദരേഖ എങ്ങനെ പുറത്തുപോയി എന്നതും അന്വേഷണ വിധേയമാകും.

കേസിന്റെ തുടക്കത്തിൽ സ്വപ്ന ഒളിവിൽ പോയ സമയത്തും സ്വപ്നയുടേത് എന്നപേരിൽ സർക്കാരിനെ അനുകൂലിച്ചുള്ള ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. അന്നും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതായിരുന്നു ശബ്ദ സന്ദേശം. ഇത് ഏറെ വിവാദങ്ങളുണ്ടാക്കി. ഇത് എവിടെ വച്ചാണ് എടുത്തതെന്നതിൽ അന്വേഷണം എങ്ങുമെത്തിയിട്ടുമില്ല. ഇതിന് പിന്നാലെയാണ് ജയിലിലെ ഫോൺ സംഭാഷണം ചർച്ചയാകുന്നത്. മുഖ്യമന്ത്രിയ്‌ക്കെതിരേ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസി പറഞ്ഞുവെന്നാണ് പുതിയ ശബ്ദ സന്ദേശം. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാൻ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്.

ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചർച്ചകൾ നടത്തിയതായാണ് കോടതിയിൽ സമർപ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജൻസി പറയുന്നതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. പ്രചരിക്കുന്ന സന്ദേശം സ്വപ്ന സുരേഷിന്റേതാണെങ്കിൽ എങ്ങനെ ഇത്തരത്തിലൊരു സന്ദേശം റെക്കോർഡ് ചെയ്‌തെന്നും ആരാണിതിന് പിന്നിലെന്നുമാണ് അന്വേഷിച്ച് ഉത്തരം കണ്ടത്തേണ്ടത്. ജയിലിൽ സ്വപ്നയെ കാണാൻ സ്വാധീനമുള്ളവരടക്കം നിരവധി പേർ എത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു.