തിരുവനന്തപുരം: മാസ് ഡയലോഗുകളുടെ ആളാണ് സുരേഷ് ഗോപി എന്ന് എല്ലാവർക്കും അറിയാം. സിനിമയിലെ പോലെ തന്നെ രാഷ്ട്രീയത്തിൽ ബിജെപിയിൽ എത്തിയപ്പോഴും ഡയലോഗുകളുടെ വീര്യം ഒട്ടുകുറച്ചില്ല മലയാളികളുടെ പ്രിയതാരം. തദ്ദേശ തിരഞ്ഞെടുപ്പിൽ, 'ഈ സർക്കാരിനെ ഒതുക്കിയേ മതിയാകൂ. കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണം'- എന്ന ഡയലോഗ് വീശിയടിച്ചപ്പോൾ സ്വന്തം പാർട്ടി പ്രവർത്തകർ കൈയടിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഡയലോഗുകളുടെ പ്രതിഫലനം ഉണ്ടായതുമില്ല. ഈ പശ്ചാത്തലത്തിൽ സുരേഷ്‌ഗോപിയുടെ രാഷ്ട്രീയ പ്രവേശനത്തെയും, മോഹൻലാലിന് നേരത്തെയുണ്ടായിരുന്ന രാഷ്ട്രീയ പ്രവേശന മോഹത്തെയും കുറിച്ച് എഴുതുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ ടി.ജെ.എസ്.ജോർജ് മലയാളം വാരികയിലെ പുതിയ ലേഖനത്തിൽ.

സുരേഷ് ഗോപിക്ക് രണ്ടു ദുരന്തങ്ങളാണ് സംഭവിച്ചതെന്നും അതിലൊന്ന് നരേന്ദ്ര മോദിയെ കണ്ടതു മുതൽ താൻ ഡൽഹിയിൽ മന്ത്രിയാകുമെന്ന് തീരുമാനിച്ചതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ

'നല്ലവനായ സുരേഷ് ഗോപിക്ക് രണ്ടു ദുരന്തങ്ങളാണ് സംഭവിച്ചത്. ഒന്ന്, ഘോരഘോരം ഡയലോഗടിച്ച് ആരെയും വിറപ്പിക്കാൻ അദ്ദേഹത്തിനുള്ള ആസക്തികണ്ട് ലോകം അന്ധാളിച്ചു. രണ്ട്, പണ്ടൊരിക്കൽ നരേന്ദ്ര മോദി എന്ന പുംഗവനെ കണ്ടതു മുതൽ താൻ ഡൽഹിയിൽ മന്ത്രിയാകും, ആകണം എന്ന് സുരേഷ് ഗോപി തീരുമാനിച്ചു. സ്വപ്നങ്ങൾ സ്വപ്നങ്ങളായി തുടർന്നെങ്കിലും കളിയിൽ ജയിച്ചത് ബിജെപി തന്നെ. സുരേഷ് ഗോപിയെ ചാക്കിട്ടു പിടിക്കാൻ ഒരു ചാക്കുപോലും വേണ്ട എന്ന് അവർക്കു മനസ്സിലായി.

പക്ഷേ, ജയിച്ചതുകൊണ്ട് എന്തു പ്രയോജനം? ചാക്കിട്ടുപിടിയും വോട്ടുപിടിയും തമ്മിൽ ബന്ധമില്ല എന്ന് അവർക്കു വേഗം മനസ്സിലായി. ലോകത്തിന് ഒരു ആനുകൂല്യം ചെയ്യുന്നു എന്ന മട്ടിലാണ് ബിജെപി സുരേഷ് ഗോപിയെ ഗോദയിലിറക്കിയത്. താരസമ്രാട്ട് ഇറങ്ങിയാൽ എതിരാളികൾ പമ്പകടക്കും എന്ന് എതിരാളികൾപോലും വിശ്വസിച്ച മട്ടിലായിരുന്നു കാര്യങ്ങൾ നീങ്ങിയത്. അങ്ങനെ സുരേഷ് ഗോപി തൃശൂർ എന്ന യുദ്ധഭൂമിയിലിറങ്ങി. അർജുനന്റെ പുറകിൽ ശ്രീകൃഷ്ണനെന്നപോലെ സുരേഷ് ഗോപിക്കു താങ്ങായി കാര്യവാഹക്മാർ അണിനിരന്നു. തന്റേതായ ഭാഷയിൽ, സിനിമ സമ്മാനിക്കുന്ന സ്വാതന്ത്ര്യലഹരിയിൽ അദ്ദേഹം ആജ്ഞാപിച്ചു: ''തൃശൂർ ഇങ്ങെടുക്കണം.''

മറ്റാർക്കും ലഭ്യമാകാത്ത മലയാളമാണ് തൃശൂർക്കാരുടെ മലയാളം. അത് അവരുടെ സ്വത്താണ്, അവരുടെ മാത്രം. ''ഇങ്ങെടുക്കാനും'' മറ്റും അവരുടെ തൃശൂരിനെ കിട്ടുകയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഡയലോഗ് ഗോപിക്ക് അതു മനസ്സിലായി. തലയെടുപ്പും താരപ്രതാപവും തിരമാലയടിപോലുള്ള പ്രസംഗവീര്യവും ഒക്കെ ശരി. പക്ഷേ, ജയിക്കാനുള്ള വോട്ട് തൃശൂർക്കാർ കൊടുത്തില്ല. ആരോ പറഞ്ഞുപോലും: ''ഞങ്ങളെന്താ തമിഴരാണോ? കണ്ട സിനിമാക്കാരെയൊക്കെ നേതാക്കന്മാരാക്കാൻ?''

മലയാളിയുടെ സ്വഭാവം നേരത്തെ മനസ്സിലാക്കിയ ആളാണ് മോഹൻലാൽ. പുള്ളിക്കാരനും ഒരു കാലത്ത് അല്പം രാഷ്ട്രീയ മോഹങ്ങൾ ഉണ്ടായിരുന്നു. ചായ്വ് കാര്യവാഹക്മാരുടെ വശത്തേക്കായിരുന്നു എന്നും വാർത്തകൾ വന്നു. പക്ഷേ, ഒന്നും നടന്നില്ല. സ്വന്തം മാനം നോക്കി സ്വന്തം തട്ടകത്തിൽ നിൽക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്ന് ബുദ്ധിമാനായ മോഹൻലാലിനു തോന്നി. അതുകൊണ്ട് താരമൂല്യത്തിനു കേടൊന്നും വരാതെ 'ലാലേട്ടൻ' എന്ന, സ്‌നേഹവും ബഹുമാനവും തുല്യ അളവിൽ ചേർത്ത വിളിയിൽ ആനന്ദം കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ആ സ്‌നേഹവും ബഹുമാനവുമാണ് ഒരു പാർട്ടിയുടെ വക്താവായി മാറിയ സുരേഷ് ഗോപിക്കു നഷ്ടമായത്. മോഹിച്ച സ്ഥാനമാനങ്ങൾ കിട്ടിയുമില്ല. ഡബിൾ നഷ്ടം.

രാഷ്ട്രീയ നേതാവായി അംഗീകരിക്കപ്പെടാൻ വെമ്പുന്ന ഒരാൾക്ക് പൊതുരംഗത്ത് ഉപയോഗിക്കേണ്ട ഭാഷാപ്രയോഗങ്ങളെക്കുറിച്ച് കാര്യമായ ശ്രദ്ധയൊന്നുമില്ല. ഒരിക്കൽ പറഞ്ഞു ഈ സ്ഥാനാർത്ഥികളൊക്കെ മലിനമാണെന്ന്. ഇയ്യിടെ ഒരു തകർപ്പൻ ഡയലോഗടിച്ചു: ''ഈ സർക്കാരിനെ ഒതുക്കിയേ മതിയാകൂ. കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണം.''

പാവം ഗോപി. പല വഴികൾ നോക്കിയിട്ടും വേണ്ടതു കിട്ടുന്നില്ല. കമാൻഡൊ ആയിട്ടും പൊലീസ് ഓഫീസറായിട്ടും പത്രപ്രവർത്തകനായിട്ടും മറ്റും എത്ര യുദ്ധങ്ങൾ വെള്ളിത്തിരയിൽ പയറ്റി ജയിച്ചയാളാണ്. ആദ്യകാലങ്ങളിൽ കമ്യൂണിസ്റ്റുകാരെ സ്‌നേഹിച്ചതാണ്. അച്യുതാനന്ദനുവേണ്ടി 2011-ൽ പ്രചാരണത്തിനിറങ്ങി. കോൺഗ്രസ്സിന്റെ പിന്തുണ ഒരു കാലത്തുണ്ടായിരുന്നു. ബിജെപിയിൽ ചേക്കേറിയത് ഡൽഹി മനസ്സിൽവച്ചുകൊണ്ടായിരുന്നു. നരേന്ദ്ര മോദി ഒരുപക്ഷേ, മന്ത്രിപദം സൂചിപ്പിച്ചുകാണും. മോദിയദ്ദേഹത്തിനു വേഗം മനസ്സിലായിരിക്കണം, നീട്ടിയാൽ മതി, അതിൽ കൂടുതൽ ഒന്നും ചെയ്തില്ലെങ്കിലും ഈ താരം വാലാട്ടി പുറകെ വന്നുകൊള്ളുമെന്ന്.

ഇപ്പോളിതാ പുതിയ ചട്ടം. എന്തെങ്കിലും ആവശ്യത്തിന് തന്നെ കാണാൻ വരുന്നവർ ബിജെപി ജില്ലാ പ്രസിഡന്റിന്റെ ശുപാർശ കത്തുമായി വരണമെന്നാണ് പുതിയ തീട്ടൂരം. പദവിയൊന്നുമില്ലാത്ത സമയത്ത് ഇതാണ് നിയമമെങ്കിൽ, വല്ല കസേരയും കിട്ടിയാൽ എന്തായിരിക്കും പുകില്?''