കണ്ണൂർ: കണ്ണൂരിൽ സിപിഎമ്മിന് അതേ നാണയത്തിൽ തന്നെ അടിക്ക് തിരിച്ചടി നൽകാൻ രണ്ടും കൽപ്പിച്ച് മേയർ ടി. ഒ മോഹനൻ തുനിഞ്ഞിറങ്ങിയതോടെ കോൺഗ്രസിൽ പുതിയ ശക്തികേന്ദ്രം ഉടലെടുക്കുന്നു. കെ.സുധാകരനെന്ന വീറുള്ള സിപിഎം വിരുദ്ധ പോരാളിയുടെ ഇമേജ് പതിയെ കോൺസുകാർ സ്‌നേഹത്തോടെ ടി.ഒയെന്നു വിളിക്കുന്ന മോഹനനിലേക്ക് എത്തിയിരിക്കുകയാണ്. അടിക്ക് തിരിച്ചടിയെന്ന മട്ടിൽ കോൺഗ്രസിനായി വീറോടെ പൊരുതുന്ന ടി.ഒ ഇപ്പോൾ സോഷ്യൽ മീഡിയയിലും കോൺഗ്രസ് അനുകൂലികൾക്കിടയിൽ താരമായി മാറിയിരിക്കുകയാണ്. ഇതോടെ സുധാകരനോട് മുന്നു പതിറ്റാണ്ടോളം രാഷ്ട്രീയ യുദ്ധം ചെയ്യുന്ന സിപിഎമ്മിന് കണ്ണൂരിൽ തങ്ങളുടെ കുന്തമുന മറ്റൊരു ശക്തികേന്ദ്രത്തിനെതിരെ കൂടി തിരിക്കേണ്ട അവസ്ഥയായിട്ടുണ്ട്.

കണ്ണൂർ കോർപറേഷനിൽ ഏതു കാര്യത്തിലും ശക്തമായ ഇടപെടലുകൾ നടത്തുന്ന ടി ഒ മോഹനൻ മേയറെന്ന നിലയിൽ പൊതു സ്വീകാര്യതയും വർധിപ്പിച്ചിട്ടുണ്ട്. മേയറുടെ നേതൃത്വത്തിൽ കോർപറേഷനു സമീപം നടത്തിവരുന്ന മൃഗസംരക്ഷണ സെസെറ്റി നടത്തിപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് അടച്ചു പുട്ടിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിൽ സർക്കാർ ഉത്തരവിന്റെ മറവിൽ സി പി എം ശ്രമിച്ചുവെങ്കിലും നോട്ടിസ് പതിക്കാനായി സൊസെറ്റി കെട്ടിടത്തിലെത്തിയ ദിവ്യയെയും വൈസ് പ്രസിഡന്റ് ബിനോയ് കുര്യനെയും സംഘത്തെയും സ്ഥലത്തുകൊടുങ്കാറ്റു പോലെയെത്തിയ മേയർ തടയുകയായിരുന്നു. സർക്കാർ അംഗീകാരമുള്ള സൊസെറ്റിയിലെ സാമ്പത്തിക ക്രമക്കേട് കണ്ടുപിടിക്കാൻ ജില്ലാ പഞ്ചായത്ത് എൻഫോഴ്‌സ്‌മെന്റല്ലന്നായിരുന്നു. ടി. ഒ മോഹനന്റെ വാദം.

സൊസൈറ്റിയിൽ നോട്ടിസ് പതിച്ച് അടച്ചുപൂട്ടാൻ ജില്ലാ പഞ്ചായത്തിന് അധികാരമില്ലെന്നു വീറോടെ വാദിച്ച മോഹനൻ തനിക്കെതിരെ നൽകിയ പൊലീസ് കേസിന് മറുപടിയായി രണ്ടു കേസുകൾ തിരിച്ചു നൽകി തിരിച്ചടിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തി കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു പി.പി ദിവ്യ പൊലീസിൽ നൽകിയ പരാതി. എന്നാൽ സൊസൈറ്റി ഓഫിസിൽ അതിക്രമിച്ചു കയറി മിനുട്‌സ് ബുക്ക് അന്യായമായി കടത്തികൊണ്ടുപോകാൻ ശ്രമിച്ചുവെന്നും തടയാൻ ചെന്ന ഓഫിസ് ജീവനക്കാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു മോഹനൻ പൊലീസിൽ നൽകിയ പരാതി. ഇതോടെ പതിയെ വിവാദത്തിൽ നിന്നും തലയൂരേണ്ട അവസ്ഥയിലായി ജില്ലാ പഞ്ചായത്ത്.

ഇതിനു പുറമേ സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനെതിരെ അവകാശ ലംഘനത്തിനെതിരെ കോടതിയിൽ മോഹനനും മറ്റു അഭിഭാഷകരും കേസ് ഫയൽ ചെയ്തതോടെ ഇനിയും ഈ വിഷയത്തിൽ തൊട്ടാൽ കൈ പൊള്ളുമെന്ന അവസ്ഥയിലുമായി സിപിഎം. എന്നാൽ അതുകൊണ്ടും മേയറുടെ കലിപ്പ് തീർന്നില്ല. ജില്ലാ പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിൽ നടത്തുന്ന കുടുംബശ്രീയുടെ ഹോട്ടലായ കഫേ ശ്രീയിൽ റെയ്ഡ് നടത്തി പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുക്കുക കുടി ചെയ്തതോടെ സിപിഎം ശരിക്കും വിവരമറിഞ്ഞു. മേയറുടെ നിർദ്ദേശപ്രകാരം കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

ജില്ലാപഞ്ചായത്ത് സ്ഥാപനമായ കഫേ ശ്രീയിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയെന്ന വാർത്ത പ്രചരിച്ചതോടെ ജില്ലാ പഞ്ചായത്തിനു തന്നെ തീർത്താൽ തീരാത്ത നാണക്കേടുണ്ടായി. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ സിപിഎം അംഗങ്ങൾ ഈ വിഷയം ഉന്നയിച്ചു കൊണ്ട് മേയറുടെ മെക്കിട്ട് കയറാൻ ശ്രമിച്ചുവെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ടു തന്നെ യോഗത്തിൽ പഴകിയ ഭക്ഷ്യ വസ്തുക്കളുടെ വർണന നടത്തിച്ച് പ്രതിപക്ഷ അംഗങ്ങളുടെ വായയടപ്പിക്കാൻ മേയർക്ക് കഴിഞ്ഞു. പിന്നീട് ജില്ലാ ആശുപത്രിയിൽ പെരിങ്ങത്തൂർ അക്രമ കേസിലെ പ്രതികളെ വൈദ്യപരിശോധനയ്ക്കു കൊണ്ടു വന്നപ്പോൾ പൊലീസ് തല്ലിച്ചതച്ച അക്രമ കേസിലെ പ്രതികളെ അവിടെ തന്നെ അഡ്‌മിറ്റാക്കി ചികിത്സ നൽകണമെന്ന് വിവരമറിഞ്ഞ് അവിടെയെത്തിയ ടി.ഒ.മോഹനൻ വാദിച്ചു.

ഡോക്ടറുമായി താൻ സംസാരിക്കുന്നതിനിടെ തടയാൻ വന്ന പൊലിസുകാരെ വിരൽ ചൂണ്ടി ആജ്ഞാസ്വരത്തിൽ ആളറിയാതെ കളിച്ചാൽ വിവരമറിയുമെന്ന് തട്ടുപൊളിപ്പൻ സിനിമാ സ്റ്റെലിൽ ഞെട്ടിക്കുന്ന മേയറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തങ്ങളുടെ നേതാക്കളെക്കാളും വീറോടെ തങ്ങൾക്കു വേണ്ടി വാദിച്ച മേയർ ടി.ഒ.മോഹനൻ ഇപ്പോൾ യുത്ത് ലീഗുകാരുടെ കൂടി ക്യാപ്റ്റനായി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ കണ്ണൂർ ജൂബിലി ഹാളിൽ കോവിഡ് വാക്‌സിനേഷൻ മുന്നറിയിപില്ലാതെ നിർത്തി വെച്ച് സ്പോർട്സ് കൗൺസിൽ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗണാക്കിയതിനെതിരെയും മേയറുടെ ചടുലനീക്കമുണ്ടായി. വാക്‌സിനേഷൻ ലഭിക്കാനായി എത്തിയ വൻ ജനക്കൂട്ടം അവിടെ തമ്പടിച്ച് ബഹളമുണ്ടാക്കിയപ്പോഴായിരുന്നു മേയറും സംഘവും അവിടെ കുതിച്ചെത്തിയത്.

ഒടുവിൽ സ്‌പോർട്ട്‌സ് കൗൺസിൽ ഉപകരണങ്ങൾ അവിടെ നിന്നും മാറ്റി ജനങ്ങളുടെ ആവശ്യപ്രകാരം വാക്‌സിനേഷൻ വീണ്ടും പുനരാരംഭിക്കാനും മേയറുടെ ഇടപെടലിലൂടെ കഴിഞ്ഞു. ഇതോടെ കണ്ണൂരിലെ ജനങ്ങളുടെ കൈയടി നേടാനും മേയർക്ക് കഴിഞ്ഞു. കണ്ണൂരിൽ ടി.ഒ.മോഹനന്നെ പഴയ കെ.എസ്.യുവിന്റെ തീപ്പൊരി നേതാവിനെ നേരിടാനാവാതെ വിയർക്കുകയാണ് സിപിഎം. തങ്ങളുടെ പരമ്പരാഗത ശത്രുവായ സുധാകരനെ ഒരു പരിധി വരെ പ്രതിരോധിക്കാനും വാരികുഴിയിൽ വീഴ്‌ത്താനും സിപിഎമ്മിന് കഴിഞ്ഞിരുന്നുവെങ്കിലും ടി.ഒ.മോഹനൻ വേറെ ലെവലാണെന്ന് ഓരോ സംഭവങ്ങളും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നിയമത്തിന്റെ മുക്കും മൂലയും അറിയുന്ന മോഹനൻ കണ്ണൂർ കോടതിയിലെ തഴയവും പഴക്കവും ചെന്ന നോട്ടറി വക്കീലു കുടിയാണ്.

എതിരാളികളുടെ മർമ്മത്തിന് നോക്കി പ്രഹരിക്കാനുള്ള ശേഷിയും കളമറിഞ്ഞു കളിക്കാനുള്ള മിടുക്കും കണ്ണൂർ കോർപറേഷൻ മേയറെ സിപിഎമ്മിന് ഒത്ത പോരാളിയാക്കി മാറ്റിയിരിക്കുകയാണ് സുധാകരന് ശേഷം കണ്ണൂരിൽ സിപിഎമ്മിനെ പടനയിക്കാൻ പോകുന്നത് ഇനി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയായിരിക്കില്ല മേയർ ടി.ഒ.മോഹനനായിരിക്കും. അത്രമാത്രം കോൺഗ്രസ് പ്രവർത്തകരിൽ മാത്രമല്ല യു.ഡി.എഫിന് പോലും ആവേശമായി മാറിയിരിക്കുകയാണ് ടി.ഒ. ഒരു കാലത്ത് സമര പോരാട്ട വേളകളിൽ ടി.ഒ.മോഹനൻ സിന്ദാബാദ് എന്നു കെ.എസ്.യുക്കാർ വിളിക്കാറുണ്ടായിരുന്നു. അതേ ആവേശം തന്നെ ഇപ്പോൾ മേയർ ടി.ഒ.മോഹനനായി മാറിയപ്പോൾ കണ്ണൂരിലെ കോൺഗ്രസുകാരുടെ കണ്ണിലും കാണുന്നത്.