കണ്ണൂർ: കേരളത്തിലെ ജനങ്ങളെ പെരുവഴിയിലാക്കുന്ന കെ റെയിൽ പദ്ധതി സിപിഎമ്മിന് കുംഭ കോണത്തിനുള്ള പദ്ധതിയാണെന്ന് കെ പി സി സി വർക്കിങ് പ്രസിഡന്റ ടി സിദ്ദിഖ് കണ്ണൂരിൽ ആരോപിച്ചു. കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ശനിയാഴ്‌ച്ച രാവിലെ കണ്ണൂർ കലക്ടറേറ്റ് പടിക്കലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ഒരു തരത്തിലും സമ്മതിക്കില്ല. ആർക്ക് വേണ്ടിയാണ് ഈ പദ്ധതിയെന്നും സിദ്ദിഖ് ചോദിച്ചു '.പദ്ധതിയുടെ ഡിപിആർ പൊതുസമൂഹത്തിന്റെ മുന്നിൽ വെക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും സിദ്ദിഖ് ചോദിച്ചുകോവിഡ് കാലത്ത് കേരളത്തിൽ മെഡിക്കൽ ഉപകരണം വാങ്ങിയത് പോലെ സിപിഎം കുംഭകോണമാണ് നടത്തിയത്. സമാന രീതിയിലാണ് കെ റെയിലിലൂടെയും പാർട്ടിക്ക് വേണ്ടി കുംഭകോണം നടത്തുകയാണ് ലക്ഷ്യം. കെ റെയിൽ പദ്ധതിയുടെ ഓഫീസുകളിൽ സിപിഎം നേതാക്കളുടെ ഭാര്യമാർക്കും മറ്റ് ബന്ധുക്കൾക്കും ജോലി കൊടുക്കാനുള്ള താവളമായി മാറ്റിയിരിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു.

വികസനത്തിന് തുരങ്കം വയ്ക്കാനുള്ള പ്രതിഷേധമല്ല കെ-റെയിലിനെതിരെ നടക്കുന്നത്. വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് യുഡിഎഫ് സിൽവർ ലൈനിനെതിരായ നിലപാടെടുത്തത്. അതിവേഗ റെയിൽപാത വേണം.പക്ഷേ അതിന് സിൽവർ ലൈനല്ല വേണ്ടത്. വികസനത്തെ യുഡിഎഫ് എതിർക്കുന്നുവെന്ന് പറഞ്ഞു സിൽവർ ലൈൻ പദ്ധതിയെ ന്യായീകരിക്കേണ്ട. കെ റെയിലിന് കല്ലിടും മുമ്പ് വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ...? കെ-റെയിലിനെതിരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകും.

കർഷകന്റെ മണ്ണിലാണ് പിണറായി വിജയൻ കല്ലിടുന്നത്. പരിസ്ഥിതി പഠനം നടത്തിയതിനുള്ള എന്ത് റിപ്പോർട്ടാണുള്ളത്. വിശദമായ ഒരു പ്രൊജക്ട് റിപ്പോർട്ട് പോലും ഇല്ലാത്ത പദ്ധതിക്ക്വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് ബലമായി കല്ലിട്ടാൽ പദ്ധതി നടപ്പിലാകുമെന്നത് വെറും വ്യാമോഹമാണ്. പിണറായി ഇട്ട കല്ല് ജനങ്ങൾ വലിച്ചെറിയുമെന്നും സിദ്ദിഖ് പറഞ്ഞു. പദ്ധതി സംബന്ധിച്ച് ഒന്നും വിശദീകരിക്കാതെയാണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കേരളത്തിന്റെ വികസനം ലക്ഷ്യംവച്ചല്ല. കമ്മീഷനടിക്കാനുള്ള കച്ചവടമാണ് കെ-റെയിൽ വഴി സർക്കാർ നടത്തുന്നത്. ഇതിനെതിരെ യുഡിഎഫ് ശക്തമായി പ്രതികരിക്കും. കെ-റെയിൽ സർവേ പൂർത്തീകരിക്കാൻ യുഡിഎഫ് അനുവദിക്കില്ല. പദ്ധതിയിൽ ജനകീയ സർവ്വേ നടത്താൻ സർക്കാർ തയ്യാറാകണം.

കെ - റെയിൽ പദ്ധതി കേരളത്തെ നാശത്തിലേക്കാവും നയിക്കുക. ഹൈ സ്പീഡ് റെയിലിന് ആവശ്യമായ വികസനം കേരളത്തിലി ല്ല. കേരളത്തിന്റെ പരിസ്ഥിതിക്ക് ഇത് യോജിച്ചതല്ല. പ്രളയം വന്നാൽ കെ റെയിൽ നശിക്കും. പിന്നെ ആളോഹരി കടം മാത്രം ബാക്കിയാവും. യുഡിഎഫ് പ്രായോഗികമല്ലെന്ന് കണ്ട് ഉപേക്ഷിച്ച ഒരു പദ്ധതിയാണ് ഒരു പഠനവും ഇല്ലാതെ ഇപ്പോൾ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. യുഡിഎഫിന്റെ കാലത്ത് ഹൈവേ പണിതാൽ കേരളം രണ്ടായി മുറിക്കപ്പെടുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ കെ. റെയിലുമായി രംഗത്ത് വന്നരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ധർണ സമരത്തിൽ യുഡിഎഫ് ചെയർമാൻ പി ടി മാത്യു അധ്യക്ഷതവഹിച്ചു. അഡ്വ. അബ്ദുൾ കരീം ചേലേരി, സ്വാഗതം പറഞ്ഞു. എം എൽ എ മാരായ സണ്ണിജോസഫ്, സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, മേയർ അഡ്വ. ടി ഒ മോഹനൻ, മുൻ യുഡിഎഫ് ചെയർമാൻ പ്രൊഫ. എ ഡി മുസ്തഫ, നേതാക്കളായ കെ പി സാജു, വി എൻ ജയരാജ്, കെ വി ഫിലോമിന, സി എ അജീർ, ഇല്ലിക്കൽ അഗസ്തി, ജോസഫ് മുള്ളന്മട, റോജസ്, വി മോഹനൻ, ടി മനോജ് കുമാർ, സി കെ സഹജൻ, ജോസ് വേലിക്കൽ, വി സുനിൽകുമാർ, അഡ്വ, എസ് മുഹമ്മദ്, കെ എ ലത്തീഫ്,തുടങ്ങിയവർ സംബന്ധിച്ചു.