ദുബായ്: ട്വന്റി 20 ലോകകപ്പ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ബിസിസിഐക്ക് ഈ മാസം 28വരെ സമയം അനുവദിച്ച് ഐസിസി. ദുബായിൽ ചേർന്ന ഐസിസി ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. വേദി സംബന്ധിച്ച് ജൂൺ 28ന് മുമ്പ് തീരുമാനം അറിയിക്കണമെന്ന് ഐസിസി, ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തീയതി നീട്ടി നൽകാൻ ബി.സി.സിഐ അഭ്യർത്ഥിച്ചിരുന്നു. ലോകകപ്പ് വേദി സംബന്ധിച്ച തീരുമാനമെടുക്കാനായി ബിസിസിഐ കഴിഞ്ഞ മാസം 29ന് പ്രത്യേക പൊതുയോഗം വിളിച്ചിരുന്നെങ്കിലും യോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു.

അതേസമയം ഇന്ത്യയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ ടൂർണമെന്റ് യു.എ.ഇയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താൻ കഴിഞ്ഞ ബിസിസിഐ യോഗത്തിൽ തീരുമാനമായിരുന്നു.

ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടർന്ന് അടുത്തവർഷത്തേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വർഷംത്തെ ഐപിഎല്ലിന് യുഎഇ വേദിയായിരുന്നു. യുഎഇയിൽ ലോകകപ്പ് നടത്തിയാലും ആതിഥേയ പദവി ഇന്ത്യക്ക് തന്നെയായിരിക്കും.