ദുബായ്: ടി20 ലോകപ്പിൽ ഇന്ത്യക്ക് ഇന്ന് വമ്പൻ പോരാട്ടം. ജയത്തിൽ കുറഞ്ഞതൊന്നം ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഗുണമാകില്ല.നിർണായക മത്സരത്തിൽ ന്യൂസിലൻഡാണ് എതിരാളികൾ.ഐസിസി ടൂർണ്ണമെന്റുകളിൽ അത്ര നല്ല ചരിത്രമല്ല ഇന്ത്യക്ക് ന്യൂസിലാന്റിന് എതിരെ ഉള്ളത്. ദുബായിൽ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക.

പാക്കിസ്ഥാനോടേറ്റ പത്ത് വിക്കറ്റ് തോൽവിക്ക് പിന്നാലെ ടീമിൽ അഴിച്ചു പണി നടത്തുന്നത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നെങ്കിലും ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകില്ലന്നാണ് റിപ്പോർട്ടുകൾ. പത്ത് വിക്കറ്റിന്റെ തോൽവിയിൽ നിന്ന് ഒരാഴ്ച നീണ്ട ഇടവേളയിൽ ഇന്ത്യ മോചനം നേടിയിരിക്കണം. തോൽക്കുന്നവർക്ക് സെമി പ്രതീക്ഷകൾ അവസാനിപ്പിക്കാം. ഫിറ്റല്ലാത്ത ഹർദിക്കിനെ ടീമിലെടുത്തതിന് വിമർശനം തുടരുമ്പോഴും ഇലവനിൽ മാറ്റം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റെന്നാണ് റിപ്പോർട്ടുകൾ. തോറ്റാലും ടീം കോംപിനേഷനിൽ മാറ്റം വരുത്താത്ത ചെന്നൈ സൂപ്പർ കിങ്സിനെ അനുകരിക്കുകയാണ് ടീം ഇന്ത്യ. ഇതിലൂടെ കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

മേജർ ടൂർണമെന്റുകളിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് മികച്ച റെക്കോർഡല്ല ഉള്ളത്. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദിയിലും കിവികൾക്ക് മുന്നിൽ ഇന്ത്യ അടിയറവ് പറഞ്ഞിട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ് അവസാനമായി ഐസിസിയുടെ മേജർ ടൂർണമെന്റിൽ ന്യൂസിലൻഡിനെ കീഴടക്കിയത്. അതിന് ശേഷം ന്യൂസിലൻഡ് ഇന്ത്യക്ക് ബാലി കേറാ മലയാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ വിജയവും ബ്ലാക് ക്യാപ്സിന് മാനസിക ആധിപത്യം നൽകുന്ന ഘടകമാണ്.

ഇതുവരെ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ 16 ടി20 മത്സരങ്ങളാണ് കളിച്ചത്. ഇവിടെയും നേരിയ മുൻതൂക്കം കിവികൾക്ക് തന്നെ. എട്ട് മത്സരങ്ങൾ ന്യൂസിലൻഡ് വിജയിച്ചപ്പോൾ ആറ് വിജയങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിൽ ഉള്ളത്.ടോപ് ഓർഡർ വേഗത്തിൽ വീണാൽ ഇന്ത്യയെ വേഗത്തിൽ തളർത്താനാകുമെന്ന് നന്നായി അറിയാവുന്ന ആളാണ് കെയ്ൻ വില്യംസൻ. അതിന് തന്നെയാകും കിവികൾ പരമാവധി ശ്രമിക്കുക. ഏകദിന ലോകകപ്പിൽ ഇന്ത്യയെ വീഴ്‌ത്തിയത് ഉദാഹരണം. പാക്കിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദി ഇന്ത്യൻ ടോപ് ഓർഡറിന് വരുത്തിയ നാശമാണ് ആദ്യ പോരാട്ടത്തിലെ തോൽവിയിൽ നിർണായകമായത്. ട്രെന്റ് ബോൾട്ട്, ടിം സൗത്തി, ലോക്കി ഫെർഗൂസൻ, കെയ്ൽ ജാമിസൻ എന്നിവരാണ് കിവികളുടെ പേസ് ബാറ്ററി. ഇവരെ രോഹിത് ശർമ, കെഎൽ രാഹുൽ, കോഹ്ലി എന്നിവർ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിനെ ആശ്രയിച്ചാവും ഇന്ത്യയുടെ മുന്നേറ്റവും.

പരിക്ക് മാറിയ മാർട്ടിൻ ഗപ്റ്റിലിൽ തുടങ്ങുന്ന കിവീസിന്റെ റൺകരുത്ത്. പിന്നാലെ വരുന്ന നായകൻ വില്യംസൺ ഉൾപ്പടെയുള്ളവർ അപകടകാരികൾ. ടോസ് കിട്ടുന്നവർ പകുതിജയിച്ചു. ദുബായിൽ അവസാന പതിനെട്ട് കളിയിൽ പതിനാലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവർ.

ഇന്നത്തെ ആദ്യ മത്സരത്തിൽ നമീബിയ അഫ്ഗാനിസ്ഥാനെ നേരിടും. അഫ്ഗാനിസ്ഥാന് രണ്ട് കളികളിൽ ഒരു ജയവും പരാജയവുമാണ് ഉള്ളത്. നമീബിയ കളിച്ച ഒരു മത്സരത്തിൽ സ്‌കോട്ടലന്റിനെ തോൽപ്പിച്ചിരുന്നു