ലണ്ടൻ: നോബേൽ സമ്മാനജേതാവായ മലാല യൂസഫ്സായ്ക്ക് നേരെ വീണ്ടും താലിബാൻ ഭീഷണി. തലിബാൻ പാക്കിസ്ഥാൻ ഘടകമാണ് വീണ്ടും വധഭീഷണി മുഴക്കിയിരിക്കുന്നത്. പാക് താലിബാൻ അംഗമായ ഇഹ്സനുള്ള ഇഹ്സാനാണ് വധഭീഷണി മുഴക്കിയത്.

ഇഹ്‌സാന്റെ ട്വിറ്റർ ട്വീറ്റിലൂടെ ' വീട്ടിലേക്ക് തിരിച്ചു വാ, കാരണം നിന്നോടും നിന്റെ പിതാവിനോടും ഞങ്ങൾക്ക് കണക്കു തീർക്കാനുണ്ട്. ഇത്തവണ ഒരു പിഴവും സംഭവിക്കില്ല,' പറഞ്ഞാണ് വധഭീഷണി. 2012ൽ മലാലയെ വെടിവെച്ച പാക്കിസ്ഥാനിലെ താലിബാൻ ഘടകമായ തെഹ്രീക് ഇ താലിബാന്റെ ദീർഘകാല അംഗമാണ് ഇഹ്സാൻ.

2017 ൽ അറസ്റ്റിലായ ഇഹ്‌സാൻ 2020 ൽ തടവിൽ നിന്നും രക്ഷപ്പെട്ടിരുന്നു, ഇയാൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് പാക് പ്രധാനമന്ത്രിയും സൈന്യവും വ്യക്തമാക്കണമെന്ന് ഭീഷണിക്കു പിന്നാലെ മലാല ആവശ്യപ്പെട്ടു. 2020ൽ തടവിൽ നിന്നും രക്ഷപ്പെട്ട ഇഹസാൻ ട്വിറ്ററിലൂടെ നിരവധി പാക് മാധ്യമപ്രവർത്തകർക്ക് അഭിമുഖം നൽകിയിട്ടുണ്ട്.

ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുള്ള ഇയാളുടെ എല്ലാ ട്വിറ്റർ അക്കൗണ്ടുകളും സസ്‌പെൻഡ് ചെയ്യപ്പെട്ടു.ഇയാൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് പാക് സൈന്യവും സർക്കാറും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.നിലവിൽ തുർക്കിയിലാണ് ഇഹ്‌സാൻ ഉള്ളതെന്നാണ് വിവരം.