കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബതുള്ള അഖുൻസാദ. കാണ്ഡഹാറിൽ നടന്ന പരിപാടിയിലാണ് അഖുൻസാദ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. മുഖ്യധാരയിൽ നിന്നും വിട്ട് നിന്നതോടെ അഖുൻസാദ മരിച്ചുവെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

കാണ്ഡഹാറിലെ ജാമിയ ദാരുൾ അലൂം ഹക്കിമിയ സ്‌കൂളിലെ പരിപാടിക്കാണ് അഖുൻസാദ പങ്കെടുക്കാൻ എത്തിയത്. മുതിർന്ന താലിബാൻ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അഖുൻസാദയുടെ രണ്ടാം രംഗപ്രവേശം. ഇതോടെ അഖുൻസാദയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്ന ഊഹാപോഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.

ഏറെക്കാലമായി അഖുൻസാദയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. അഫ്ഗാനിൽ താലിബാൻ ഭരണത്തിലേറിയതിന് ശേഷവും പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് അഖുൻസാദയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പുറത്തുവരാൻ ആരംഭിച്ചത്.

നിർണായക സംഭവങ്ങൾ അരങ്ങേറുമ്പോഴും പൊതുയിടങ്ങളിൽ നിന്നും അഖുൻസാദ വിട്ടു നിന്നത് താലിബാനിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾക്ക് വരെ കാരണമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും, മരിച്ചുവെന്നുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

കഴിഞ്ഞ വർഷം പാക്കിസ്ഥാനിൽ ഉണ്ടായ ഒരു ചാവേർ ആക്രമണത്തിൽ അഖുൻസാദ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിനിടെ നിരവധി തവണ താലിബാൻ നേതാവ് പൊതുവേദിയിൽ പ്രത്യക്ഷനായെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.

കാണ്ഡഹാറിലെ ജാമിയ ദാരുൽ അലൂം ഹക്കീമിയ മതപഠന സ്‌കൂളിൽ അഖുൻസാദ ഞായറാഴ്ച സന്ദർശനം നടത്തുമെന്ന് അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.

താലിബാന്റെ പരമോന്നത നേതാവെന്ന് അറിയപ്പെടുന്ന ഹൈബത്തുള്ള അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയിട്ടും ഒരുവേദിയിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

2016ലാണ് താലിബാന്റെ പരമോന്നത നേതാവായി ഹൈബത്തുള്ളയ്ക്ക് അധികാരം ലഭിച്ചത്. താലിബാന്റെ രാഷ്ട്രീയ, മത, സൈനിക വിഭാത്തിന്റെ പരമാധികാരം ഹൈബതുള്ള അഖുൻസാദയ്ക്കാണ്.

അതേസമയം പൊതുപരിപാടികളിൽ പങ്കെടുത്തില്ലെങ്കിലും അഖുൻസാദ താലിബാന്റെ പ്രവർത്തനങ്ങളിലും ചർച്ചകളിലും സജീവമാണെന്നാണ് മറ്റ് താലിബാൻ വക്താക്കൾ പ്രതികരിക്കുന്നത്.

താലിബാന്റെ മുൻ നേതാവായ മുല്ല ഒമറിന്റെ മരണവിവരം വർഷങ്ങളോളം താലിബാൻ പുറത്തുവിട്ടിരുന്നില്ല. ഇക്കാരണം കൊണ്ടുകൂടിയാണ് ഹൈബതുള്ള അഖുൻസാദ മരണപ്പെട്ടിട്ടുണ്ടാവാം എന്ന അഭ്യൂഹങ്ങളും ഉയർന്നത്.

സെപ്റ്റംബറിലാണ് താലിബാൻ അഫ്ഗാനിൽ ഇടക്കാല സർക്കാറിന് രൂപം നൽകിയത്. ഇറാൻ മാതൃകയിൽ രാജ്യത്തിന്റെ പരമോന്നത നേതാവായി അഖുൻസാദ ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഭരണരംഗത്ത് പ്രത്യക്ഷമായി അഖുൻസാദ ചുമതലകൾ ഏറ്റെടുത്തില്ല.

പൊതുപരിപാടികളിൽ പങ്കെടുക്കുകയോ താലിബാൻ പരിപാടികളിലെ ചിത്രങ്ങളിലോ അഖുൻസാദ ഉണ്ടാകാതിരിക്കുകയോ ചെയ്തത് ഏറെ ചർച്ചയായിരുന്നു. 2016 മെയ് മാസത്തിലാണ് അവസാനമായി അഖുൻസാദയുടെ ചിത്രങ്ങൾ പുറത്തുവന്നത്. ഇയാളുടെ ആരോഗ്യത്തെക്കുറിച്ചും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മുമ്പ് താലിബാൻ നേതാവ് മുല്ല ഒമറിന്റെ മരണം വർഷങ്ങൾ കഴിഞ്ഞാണ് താലിബാൻ സ്ഥിരീകരിച്ചത്.