കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം വിമത വിഭാഗത്തെ പുറത്താക്കാൻ നേതൃത്വം ഒരുങ്ങുന്നു പാർട്ടി അച്ചടക്കം ഉയർത്തിപ്പിടിച്ചാണ് നടപടി സ്വീകരിക്കുന്നത്.നവംബറിൽ നടക്കുന്ന സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് മുൻപായി വിമത നേതാവായ കോമത്ത് മുരളീധരനും അനുയായികൾക്കുമെതിരെ നടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ നേതൃത്വമൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസങ്ങൾ നടന്ന സിപിഎം ബക്കളം ലോക്കൽ സമ്മേളത്തിലുൾപ്പെടെ പാർട്ടിയെ വെല്ലുവിളിക്കുന്ന കോമത്ത് മുരളീധരനും സംലത്തിനുമെതിരെ നടപടി വേണമെന്ന ശക്തമായ വികാരമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക്കൽ സമ്മേളനത്തിൽ നിന്നുമിറങ്ങിപ്പോയ കോമത്ത് മുരളീധരൻ പാർട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചു പ്രതിഷേധ പ്രകടനം നടത്തിയ മാന്ധംകുണ്ട് മേഖലയിലെ പാർട്ടി അംഗങ്ങളായ കെ.എംവിജേഷ്, കെ.ബിജു, കെ.വി ജേഷ് എന്നിവർക്ക് നോട്ടീസ് നൽകിയത്.

ഇതു കൂടാതെ കോമത്ത് മുരളീധരനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് പാർട്ടി അച്ചടക്ക നടപടിയെടുക്കാതിരിക്കാൻ 27 ന് മുൻപായി കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. തളിപ്പറമ്പ് ലോക്കൽ സമ്മേളനത്തിനിടെ ലോക്കൽ സെക്രട്ടറിയുടെ യോ പ്രസീഡിയത്തിന്റെയോ അനുമതിയില്ലാതെ ഇറങ്ങിപ്പോവുകയും പിന്നീട് ആ വാർത്ത മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തതിനാണ് കോമത്ത് മുരളീധരനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

എന്നാൽ നിലവിലെ ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി ഓഫിസുകളിലും കയറി പോസ്റ്റർ പ്രചരണം നടത്തുകയും കരിങ്കൊടി ഉയർത്തുകയും നിലവിലുള്ള ലോക്കൽ സെക്രട്ടറിക്കെതിരെ വീടുകളിൽ കയറി പ്രചാരണം നടത്തുകയും പരസ്യ പ്രകടനം നടത്തുകയും ചെയ്തതിനാണ് മറ്റുള്ള മൂന്നു പേർക്കെതിരെ നോട്ടിസ് നൽകിയത്. മാന്ധം കുണ്ടിൽ നടന്ന പ്രകടനത്തിൽ പത്ത് പാർട്ടി പ്രവർത്തകർ പങ്കെടുത്തിരുന്നുവെങ്കിലും മുന്ന് പേർക്ക് മാത്രമാണ് നോട്ടീസ് നൽകിയത്.കഴിഞ്ഞ ദിവസം ചേർന്ന തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള മാന്ധംകുണ്ട് , കിഴക്ക് ,പടിഞ്ഞാറ് .ബ്രാഞ്ച് കമ്മിറ്റികളുടെ യോഗത്തിലാണ് നോട്ടിസ് നൽകാൻ തീരുമാനമായത്.

ഇവിടെയുള്ള ബ്രാഞ്ച് സെക്രട്ടറിമാർ യോഗം വിളിക്കാൻ തയ്യാറല്ലാത്തതിനാൽ ലോക്കൽ കമ്മിറ്റി നേരിട്ടാണ് യോഗം വിളിച്ചത്.രണ്ടു ബ്രാഞ്ചുകളിൽ നിന്നായി മുപ്പതിലേറെയാളുകൾ പങ്കെടുക്കേണ്ട യോഗത്തിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് പങ്കെടുത്തത്. സിപിഎം നേതൃത്വത്തിന്റെ പ്രതിനിധികളായി ഏരിയാ സെക്രട്ടറി കെ.സന്തോഷ് 'ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ ,ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 12 പേരും പങ്കെടുത്തു.