ചെന്നൈ: നിരോധിത പബ്ജി ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ അശ്ലീലം പറഞ്ഞെന്ന പരാതിയിൽ യൂട്ഊബർ പബ്ജി മദൻ അറസ്റ്റിൽ. ധർമപുരിയിൽ ഒളിവിൽ കഴിയവെ ഇന്ന് രാവിലെയാണ് അറസ്റ്റ്. ഭാര്യ കൃതികയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 159 സ്ത്രീകളാണ് മദനും ചാനലിനുമെതിരെ പരാതിയുമായി രംഗത്ത് വന്നത്.

പത്ത് ലക്ഷത്തോളം വരിക്കാരുള്ള മദൻ, ടോക്‌സിക് മദൻ 18+, പബ്ജി മദൻ ഗേൾ ഫാൻ തുടങ്ങിയ ചാനലുകളുടെ ഉടമ മദൻ കുമാർ ആണ് അറസ്റ്റിലായത്. ചെന്നൈയിൽനിന്ന് ഒളിവിൽ പോയ മദനെ ധർമപുരിയിൽനിന്നാണു പൊലീസ് പിടികൂടിയത്. പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങളാണ് പബ്ജി മദൻ നേടിയിരുന്നത്. കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണ് കേസിനിടയാക്കിയത്.

പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാൻ കഴിയും. ഈ സാധ്യതയാണു തമിഴ്‌നാട്ടിലെ പ്രമുഖ യൂട്യൂബറായ മദൻ ഉപയോഗപ്പെടുത്തിയത്. സഹകളിക്കാരുമായി നടത്തുന്ന ദ്വയാർഥ, അശ്ലീല പ്രയോഗങ്ങളും ചാനലിന്റെ പ്രത്യേകതയാണ്. പദപ്രയോഗങ്ങൾ പരിധി വിട്ടതോടെ ഒരു യുവതി ചെന്നൈ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തൊട്ടുപിറകെ 150 സ്ത്രീകൾ പൊലീസിനെ സമീപിച്ചു. ഇതോടെയാണു പൊലീസ് തിരച്ചിൽ തുടങ്ങിയത്. തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നു മദൻ യൂട്യൂബ് ലൈവിൽ എത്തി വെല്ലുവിളിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം ഏറ്റെടുത്തു. ഐടി നിയമത്തിലെ 4 വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്. നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്. മദനു വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയാണു ഭാര്യ കൃതികയെ സേലത്തുനിന്നു പിടികൂടിയത്.

യൂട്യൂബ് ചാനലിന്റെ റജിസ്‌ട്രേഷൻ കൃതികയുടെ പേരിലാണ്. ഇവരിൽനിന്നു ലാപ്‌ടോപ്, ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. പ്രതിമാസം പത്തുലക്ഷത്തിലേറെ രൂപയാണ് മദൻ യൂട്യൂബ് ചാനലിലൂടെ വരുമാനമായി നേടിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നാല് ആഡംബര കെട്ടിടങ്ങൾ ചെന്നൈയിലെ പെരുങ്ങലത്തൂരിൽ ഇയാൾ നിർമ്മിച്ചിട്ടുണ്ട്. മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ട്..

പബ്ജി നിരോധിച്ചതിന് കേന്ദ്ര സർക്കാരിനെതിരെ അശ്ലീല പദപ്രയോഗം നടത്തുന്ന വീഡിയോയും അടുത്തിടെ മദൻ പുറത്തുവിട്ടിരുന്നു. മദന്റെ അശ്ലീല ചാനലിന്റെ ഭൂരിഭാഗം ഫോളോവേഴ്‌സും 18 വയസിന് താഴെയുള്ളവരാണ്. പ്രായപൂർത്തിയാകാത്ത നിരവധി പേർ സബ്‌സ്‌ക്രൈബർമാരായിട്ടുള്ള മദന്റെ ചാനലുകൾ മരവിപ്പിക്കാൻ നീക്കം തുടങ്ങിയതായി പൊലീസ് പറഞ്ഞു