ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന 35 അംഗ മന്ത്രിസഭയിൽ ഇനി നെഹ്‌റുവും ഗാന്ധിയുമുണ്ടാകും. സ്റ്റാലിനും ഗാന്ധിയും നെഹ്‌റുവും ഒന്നിച്ചിരുന്ന് ഇനി തമിഴ്‌ദേശം വാഴും.

മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ മന്ത്രിയായി മുതിർന്ന നേതാവ് കെ എൻ നെഹ്‌റു സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് സ്റ്റാലിനാണ്. കൈത്തറി, ടെക്‌സ്‌റ്റൈൽ വകുപ്പാണ് ആർ. ഗാന്ധിയെ ഏൽപിച്ചിരിക്കുന്നത്.

പ്രമുഖ ലോകനേതാക്കളുടെ പേരുള്ള മൂന്നുപേർ ഒരേ മന്ത്രിസഭയിൽ അംഗങ്ങളായി എന്നത് ഏറെ കൗതുകമായി. അതിൽ രണ്ട് പേരും ഇന്ത്യൻ നേതാക്കളാണെങ്കിലും മന്ത്രിസഭയ്ക്ക് നേതൃത്വം നൽകുന്നത് സോവിയറ്റ് യൂണിയൻ പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിന്റെ പേരുള്ള എംകെ സ്റ്റാലിനാണ് എന്നതാണ് വൈരുദ്ധ്യം. ജോസഫ് സ്റ്റാലിൻ മരിച്ച 1953 ൽ ജനിച്ച എംകെ സ്റ്റാലിന് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് അതേപേര് നൽകിയതെന്ന് കരുണാനിധി മുമ്പ് പറഞ്ഞിട്ടുണ്ട്.

എംകെ സ്റ്റാലിൻ മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമാണുള്ളത്്. പത്ത് വർഷങ്ങൾക്ക് ശേഷം അണ്ണാ ഡിഎംകെ യെ ഭരണത്തിൽ നിന്ന് തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെ അധികാരം പിടിച്ചിരിക്കുന്നത്. മറ്റൊരു അപൂർവ്വത കൂടിയുണ്ട് ഈ മന്ത്രിസഭയ്ക്ക്.

അധികാരമേറ്റതിന് പിന്നാലെ സ്റ്റാലിൻ സർക്കാർ നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങൾ ശ്രദ്ധേയമായി. കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ 2.7 കോടി റേഷൻ കാർഡ് ഉടമകൾക്ക് 2000 രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പാലിന്റെ വില മൂന്ന് രൂപയായി കുറയ്ക്കാനും ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചു.

സർക്കാർ ഇൻഷൂറൻസ് ഉള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സൗജന്യമാക്കും. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ.

ഡിഎംകെ ഇത് ആറാം തവണയാണ് അധികാരത്തിലെത്തുന്നത്. 234 അംഗനിയമസഭയിൽ ഡിഎംകെ സഖ്യം നേടിയത് 159 സീറ്റുകളാണ്. മുൻ ഡി.എം.കെ സർക്കാരുകളിൽ മന്ത്രിയായും ഉപമുഖ്യമന്ത്രിയായും സ്റ്റാലിൻ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നു സത്യപ്രതിജ്ഞ ചെയ്തവരിൽ 19 പേർ മന്ത്രിയായി മുൻ പരിചയമുള്ളവരാണ്. 15 പേർ പുതുമുഖങ്ങളും. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഡിഎംകെ അധികാരമേൽക്കുന്നത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി,ചെന്നൈ കോർപ്പറേഷൻ മേയർ, ഏഴ് തവണ എംഎൽഎ എന്നീ അനുഭവസംമ്പത്തുമായാണ് സ്റ്റാലിൻ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചെങ്കോലേന്തുന്നത്. ഡിഎംകെയുടെ അധ്യക്ഷ സ്ഥാനത്തും സ്റ്റാലിൻ തുടരും. ഇതിനിടെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ നിന്ന് കൂട്ട രാജി. പാർട്ടി ഉപാധ്യക്ഷൻ ആർ മഹേന്ദ്രൻ, പൊൻരാജ് അടക്കം മുതിർന്ന പത്ത് നേതാക്കൾ രാജി വച്ചു. കമലിന്റെ ഉപദേശകർ പാർട്ടിയെ തകർക്കുകയാണെന്ന് ആരോപിച്ചാണ് രാജി.