കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാൻ ആണ് അറസ്റ്റിലായത്. മുംബൈയിൽ ഒളിവിലായിരുന്ന പ്രതിയെ ഫോൺ ട്രാക്ക് ചെയ്താണ് പിടികൂടിയത്.

സെപ്റ്റംബർ എട്ടാം തീയതിയാണ് കാസർകോട് മേൽപ്പറമ്പിൽ വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാകുറിപ്പുകളൊന്നും കിട്ടാത്തതിനെ തുടർന്ന് ഫോൺ പരിശോധിക്കുകയും അദ്ധ്യാപകൻ അയച്ച അശ്ലീല ചുവയുള്ള ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെ കണ്ടെത്തുകയും ചെയ്തു. കേസിൽ പ്രതി ചേർത്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയി. തുടർന്നാണ് ഫോൺ ട്രാക്ക് ചെയ്ത് മുംബൈയിൽനിന്ന് പിടികൂടിയത്.

കാസർകോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ ഈ മാസം എട്ടാം തീയതിയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിൽ ഉസ്മാന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അദ്ധ്യാപകൻ അശ്ലീല ചുവയുള്ള ചാറ്റിങ് നടത്തിയിരുന്നുവെന്നാണ് ആരോപണം.

മൊബൈൽ ഫോൺ പരിശോധിച്ച പിതാവ് വിവരം സ്‌കൂൾ പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു . അന്ന് രാത്രി വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് മാനസികമായി തകർന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.പെൺകുട്ടിയോട് ആത്മഹത്യ ചെയ്യാൻ ഉസ്മാൻ പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. അദ്ധ്യാപകൻ നിരന്തരം വിദ്യാർത്ഥിനിയുമായി ചാറ്റിങ് നടത്തിയിരുന്നതായി പൊലീസും പറയുന്നു.

പോക്‌സോ വകുപ്പും ആത്മഹത്യാപ്രേരണാ കുറ്റവും ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തി. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിനി പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകനാണ് ഉസ്മാനെങ്കിലും ഈ കുട്ടിയെ പഠിപ്പിച്ചിരുന്നില്ലെന്നാണു വിവരം.

ഓൺലൈൻ ക്ലാസുകളായതിനാൽ വിദ്യാർത്ഥികളുടെ നമ്പരുകൾ പല അദ്ധ്യാപകരുടെ പക്കലുമുണ്ടായിരുന്നു. ഇതു മുതലെടുത്ത് കുട്ടിയുമായി സൗഹൃദത്തിലാകുകയും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തതെന്നാണ് വിവരം.