മലപ്പുറം: വിദ്യാർത്ഥിയുടെ അമ്മയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് വീട് കയറിയുള്ള ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ആൾകൂട്ട അക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ വേങ്ങര വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്ത് (50) ശനിയാഴ്ച രാവിലെ ആറിന് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിസ്സാമുദ്ധീൻ കോരൻകുളങ്ങര (39), മുജീബ് റഹ്മാൻ കൊരങ്കുളങ്ങര( 44)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു..കുറുക ജി.യു.പി സ്‌കൂളിലെ അദ്ധ്യാപകനും പ്രശസ്ത ചിത്രകാരനും സിനിമ ആർട് ഡയറക്ടറുമാണ് സുരേഷ്. വെള്ളിയാഴ്ച വൈകിട്ട് നാലോടെ സ്ത്രീയുടെ ബന്ധുക്കളും നാട്ടുകാരുമടക്കം ഇരുപതോളം വരുന്ന സംഘം സുരേഷിനെ വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും അമ്മയുടെയും മുന്നിൽവച്ച് ആക്രമിക്കുകയും അസഭ്യവർഷവും നടത്തി. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

സുരേഷിന്റെ സുഹൃത്ത് കൂടിയായ സ്ത്രീയുമായി വാട്സ്ആപ്പിൽ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് രണ്ട് വാഹനങ്ങളിലായെത്തിയ സംഘം സുരേഷിനെ മർദ്ദിക്കുകയും തുടർന്ന് വാഹനത്തിൽ വലിച്ചുകയറ്റി പി.ടി.എ പ്രസിഡന്റിന്റെ വീട്ടിലേക്കും കൊണ്ടുപോയി. മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ ഇവിടെ വച്ചും സുരേഷിന് മർദ്ദനമേറ്റു. തലയ്ക്കും വലത് കൈയിന് സാരമായും പരിക്കേറ്റു. കൈയിന് നാല് സ്റ്റിച്ചുണ്ട്. വീട്ടുകാരുടെ മുന്നിൽ വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു സുരേഷെന്നും സ്ത്രീയുമായി വഴിവിട്ട ചാറ്റിങ് നടത്തിയെന്ന ബന്ധുക്കളുടെ ആരോപണം വിശ്വസനീയമല്ലെന്നും സുഹൃത്തുക്കൾ പറയുന്നു.

സിനിമാ സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്നു സുരേഷ് എസ്.സി.ആർ.ടി പാഠപുസ്തകങ്ങളിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. നിരവധി വേദികളിൽ ചിത്രകലാ പ്രദർശനം നടത്തിയിട്ടുമുണ്ട്. ഉടലാഴം എന്ന സിനിമക്കും സൂര്യഗന്ധിപ്പാടം എന്ന ഡോക്യുമെന്ററിക്കും കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. മലപ്പുറത്തെ സാംസ്‌കാരികക്കൂട്ടായ്മയായ 'രശ്മി'യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധനക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പരേതനായ നാരായണന്റെ മകനാണ് .അമ്മ: നളിനി .ഭാര്യ: പ്രജിത. മക്കൾ: ദേവസൂര്യ, ധ്യാൻചന്ദ്. സഹോദരങ്ങൾ: പ്രകാശൻ, ഷാജി. സംഭവത്തിൽ കേസെടുത്ത വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.