ലണ്ടൻ : ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റ് ആശങ്കയിലാക്കി ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫിന് കോവിഡ്. ഇതോടെ ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന പരിശീലന സെഷൻ ഉപേക്ഷിച്ചു.നാളെയാണ് അവസാന ടെസ്റ്റ് മാഞ്ചസ്റ്ററിൽ തുടങ്ങുന്നത് വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ടെസ്റ്റ് നടക്കുമോ എന്ന കാര്യം സംശയമാണെന്ന് ബ്ിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗൂലി വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ചതോടെ താരങ്ങളെല്ലാം ഉടൻ തന്നെ കോവിഡ് ടെസ്റ്റിന് വിധേയരാകും. നേരത്തേ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓവൽ ടെസ്റ്റിന്റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അര മണിക്കൂർ മാത്രം മുമ്പാണ് രവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചത്.ം ബൗളിങ് പരിശീലകൻ ഭരത് അരുണിനും ഫീൽഡിങ് കോച്ച് ആർ ശ്രീധറിനും ഇപ്പോൾ കോവിഡ് സ്ഥീരികരിച്ചിരിക്കുകയാണ്.

ഇവർ മൂന്നുപേരും നിലവിൽ ഐസൊലേഷനിലാണ്. ഇന്ത്യൻ ടീം അംഗങ്ങൾ മുഴുവൻ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐ.സി.സി അറിയിച്ചു. നിലവിൽ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അവിശ്വസനീയമായ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. 157 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാളെയാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുക. അഞ്ചാം ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കാനാണ് കോലിയും സംഘവും ശ്രമിക്കുക.