മുംബൈ: ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും വൻ അഴിച്ചുപണിക്ക് ഇന്ത്യൻ സിലക്ടർമാർ തയ്യാറെടുക്കുന്നതായി സൂചന. തുടർച്ചയായി കളത്തിലുള്ള മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കാനും പകരം അവസരം കാത്തിരിക്കുന്ന യുവതാരങ്ങളെ പരീക്ഷിക്കാനുമാണ് സിലക്ടർമാരുടെ തീരുമാനമെന്ന് 'ടൈംസ് ഓഫ് ഇന്ത്യ'് റിപ്പോർട്ട് ചെയ്യുന്നു.

ടെസ്റ്റ് ടീം നായകൻ വിരാട് കോലി ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം മുഖങ്ങളായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഷാർദുൽ ഠാക്കൂർ, ഋഷഭ് പന്ത് തുടങ്ങിയവർക്കും വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചാൽ വൃദ്ധിമാൻ സാഹ ഒന്നാം നമ്പർ കീപ്പറാകും. ഐപിഎലിൽ തിളങ്ങിയ ശ്രീകർ ഭരതിനാണ് രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സാധ്യത കൂടുതൽ. മികവ് തെളിയിച്ച യുവതാരങ്ങൾക്ക് ടെസ്റ്റിൽ അരങ്ങേറ്റത്തിനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്.

ആദ്യ ടെസ്റ്റിൽ വിരാട് കോലി വിശ്രമമെടുക്കുന്ന സാഹചര്യത്തിലാണ് സിലക്ടർമാർ പകരം ക്യാപ്റ്റനായി തലപുകയ്ക്കുന്നത്. കോലി തിരിച്ചെത്തുന്നതോടെ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കും. ടെസ്റ്റിൽ കോലി തന്നെയാണ് ഏറ്റവും മികച്ച ക്യാപ്റ്റനെന്നാണ് സിലക്ടർമാരുടെ നിലപാട്.

വിരാട് കോലിയുടെ അഭാവത്തിൽ ആദ്യ ടെസ്റ്റിൽ ആരെ നായകനായി നിയമിക്കുമെന്ന ആകാംക്ഷയുമുണ്ട്. കുറച്ചുകാലമായി ടെസ്റ്റ് ടീമിന്റെ ഉപനായകനായ അജിൻക്യ രഹാനെയുടെയും ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി നിയമിതനായ രോഹിത് ശർമയുടെയും പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. വിരാട് കോലി സ്ഥാനമൊഴിഞ്ഞതോടെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ സ്ഥിരം നായകനായി രോഹിത് ശർമയെ നിയമിച്ചിരുന്നു.

ഐപിഎലിലും ട്വന്റി20 ലോകകപ്പിലുമായി തുടർച്ചയായി കളത്തിലുള്ള സാഹചര്യത്തിലാണ് മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത്. ബയോ സെക്യുർ ബബ്‌ളിലെ ജീവിതം സൃഷ്ടിക്കുന്ന മടുപ്പും പ്രയാസങ്ങളും നിമിത്തം ആവശ്യമുള്ള താരങ്ങൾക്ക് ഘട്ടം ഘട്ടമായി വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബുമ്ര, ഷമി, പന്ത് തുടങ്ങിയവർക്ക് വിശ്രമം അനുവദിക്കുന്നത്.

നവംബർ പതിനേഴിനാണ് ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബർ 25ന് കാൺപൂരിൽ തുടക്കമാകും. രണ്ടാം ടെസ്റ്റ് ഡിസംബർ മൂന്നിന് മുംബൈയിൽ നടക്കും.