ഹൈദരാബാദ്: തിരുപ്പതിയിൽ ടെക്കി യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എൻജിനീയറായ ശ്രീകാന്ത് റെഡ്ഡിയെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. മൊബൈൽഫോൺ സിഗ്‌നൽ ട്രാക്ക് ചെയ്ത് വിജയവാഡയിൽനിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിൽ മൃതദേഹവുമായി ശ്രീകാന്ത് റെഡ്ഡി യാത്ര ചെയ്ത ടാക്‌സിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കേസിന് വഴിത്തിരിവായത്. ഇയാളെ ചോദ്യംചെയ്തതോടെയാണ് ശ്രീകാന്ത് റെഡ്ഡി ഇയാളുടെ കാറിൽ യാത്രചെയ്തിരുന്നതായും മൃതദേഹം ശ്രീകാന്തിന്റെ ഭാര്യയും ഐ.ടി. ജീവനക്കാരിയുമായ ഭുവനേശ്വരിയുടേതാണെന്നും പൊലീസ് തിരിച്ചറിഞ്ഞത്.

ഒരു വലിയ സ്യൂട്ട്‌കേസുമായി ശ്രീകാന്ത് റെഡ്ഡിയും കുഞ്ഞും തന്റെ കാറിൽ യാത്രചെയ്‌തെന്നായിരുന്നു ഡ്രൈവറുടെ മൊഴി. അപ്പാർട്ട്‌മെന്റിൽനിന്ന് കാറിൽ കയറിയശേഷം ആശുപത്രിക്ക് സമീപം നിർത്തി. കുഞ്ഞിനെ കാറിലിരുത്തിയ ശേഷം ശ്രീകാന്ത് റെഡ്ഡി സ്യൂട്ട്‌കേസുമായി പുറത്തിറങ്ങി മൃതദേഹം കത്തിച്ചു. പിന്നീട് തന്റെ കാറിൽതന്നെ അപ്പാർട്ട്‌മെന്റിൽ തിരികെ എത്തിച്ചെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.

ജൂൺ 23-നാണ് തിരുപ്പതിയിലെ ആശുപത്രിക്ക് സമീപം സ്യൂട്ട്‌കേസിൽ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയത്. 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഏതാനും അസ്ഥികളും തലയോട്ടിയും മാത്രമാണ് സ്യൂട്ട്‌കേസിൽ ശേഷിച്ചിരുന്നത്.

അന്വേഷണത്തിൽ അപ്പാർട്ട്‌മെന്റിലെ ചില സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. കുഞ്ഞിനെയും കൈയിലെടുത്ത് ശ്രീകാന്ത് സ്യൂട്ട്‌കേസുമായി അപ്പാർട്ട്‌മെന്റിലേക്ക് വരുന്നതിന്റെയും പിന്നീട് സ്യൂട്ട്‌കേസുമായി പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതോടെയാണ് ഭുവനേശ്വരിയെ കൊലപ്പെടുത്തിയത് ശ്രീകാന്ത് റെഡ്ഡി തന്നെയാണെന്ന സംശയം ബലപ്പെട്ടത്. എന്നാൽ സംഭവത്തിന് പിന്നാലെ ശ്രീകാന്ത് ഒളിവിൽ പോവുകയായിരുന്നു.

അതേസമയം, താൻ ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞത്. അപ്പാർട്ട്‌മെന്റിൽ നിലത്തുവീണുണ്ടായ അപകടത്തിലാണ് ഭുവനേശ്വരി മരിച്ചതെന്നാണ് ശ്രീകാന്തിന്റെ വാദം. നേരത്തെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നത്. തുടർന്ന് ഭുവനേശ്വരിക്കായി സംസ്ഥാനത്തെ ആശുപത്രികളിലും മോർച്ചറികളിലും ബന്ധുക്കൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടത്.

പ്രണയത്തിനൊടുവിൽ രണ്ടരവർഷം മുമ്പാണ് ഐ.ടി. ജീവനക്കാരായ ശ്രീകാന്തും ഭുവനേശ്വരിയും വിവാഹിതരായത്. ദമ്പതിമാർക്ക് ഒന്നരവയസ്സുള്ള കുഞ്ഞുണ്ട്. ഹൈദരാബാദിൽ ഒരേ സ്ഥാപനത്തിലാണ് ഇരുവരും ജോലിചെയ്തിരുന്നത്. പിന്നീട് ഭർത്താവിന്റെ ആവശ്യപ്രകാരം ഭുവനേശ്വരി തിരുപ്പതിയിലേക്ക് വരികയായിരുന്നു. അടുത്തിടെയായി ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായിരുന്നതായും വിവരങ്ങളുണ്ട്.