പട്‌ന: ബിഹാർ പ്രതിപക്ഷ നേതാവും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് വിവാഹിതനാകുന്നു. വിവാഹ നിശ്ചയം വ്യാഴാഴ്ച ഡൽഹിയിൽ നടക്കും. തേജസ്വി യാദവിന്റെ സഹോദരി രോഹിണി ആചാര്യയാണ് വിവാഹവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. ''ഞങ്ങളുടെ വീട് സന്തോഷത്താൽ നിറയാൻ പോകുന്നു'' എന്നാണ് രോഹിണി ട്വിറ്ററിൽ കുറിച്ചത്. എന്നാൽ വധുവിനെക്കുറിച്ചുള്ള ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല.

വിവാഹ നിശ്ചയ ചടങ്ങിനായി തേജസ്വി യാദവിന്റെ കുടുംബം ഡൽഹിയിൽ എത്തിയിട്ടുണ്ട്. മാതാപിതാക്കളായ ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, സഹോദരി മിസ എന്നിവർക്കൊപ്പം സഹോദരൻ തേജ് പ്രതാപും നഗരത്തിലുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന വിവാഹനിശ്ചയത്തിൽ 50 പേർ മാത്രമേ പങ്കെടുക്കുന്നുള്ളൂ. 32കാരനായ തേജസ്വിയുടെ വിവാഹം വലിയ ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആർജെഡി പ്രവർത്തകർ.

ലാലു പ്രസാദ് യാദവിന്റെ മക്കളിൽ ഇനി വിവാഹം ചെയ്യാൻ ബാക്കിയുള്ളത് തേജസ്വി മാത്രമായിരുന്നു. മറ്റെല്ലാവരുടെയും വിവാഹം കഴിഞ്ഞിരുന്നു. തേജസ്വിയുടെ നിർബന്ധ പ്രകാരം ചടങ്ങുകളെല്ലാം ലളിതമാക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. നിശ്ചയത്തിനു പിന്നാലെ വിവാഹവും ഉടൻ നടക്കുമെന്നും പറയപ്പെടുന്നു.