ഹൈദരാബാദ്: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം വർധിപ്പിച്ച് തെലങ്കാന സർക്കാർ. 30ശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്. പതിനൊന്നാം ശമ്പളക്കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചുകൊണ്ടാണ് നടപടി. ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. ജീവനക്കാരുടെ റിട്ടയർമന്റ് പ്രായം 61ആക്കുകുയുംചെയ്തു.

കരാർ ജീവനക്കാർ, പുറംകരാർ ജോലിക്കാർ, ഹോം ഗാർഡുകൾ, അങ്കണവാടി-ആശ വർക്കർമാർ, സർവശിക്ഷ അഭിയാൻ ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് വർധനവിന്റെ ഗുണം ലഭിക്കും. തെലങ്കാനയിൽ 9,17,797 പേരാണ് സർക്കാർ ജീവനക്കാരായുള്ളത്. ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച 80ശതമാനം നടപടികളും പൂർത്തിയായതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അറിയിച്ചു. സ്ഥാനക്കയറ്റംവഴിയുണ്ടാകുന്ന ഒഴിവുകൾ ഉടൻ നികത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

വിരമിക്കൽ പ്രായം 58ൽനിന്നാണ് 61 ആയി ഉയർത്തിയത്. 15ശതമാനം അധികപെൻഷൻ ലഭിക്കുന്നതിനുള്ള പ്രായം 75 വയസ്സിൽനിന്ന് 70ആക്കി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 12 ലക്ഷം രൂപയിൽനിന്ന് 16 ലക്ഷമായി ഉയർത്തുകയുംചെയ്തു.