ഹൈദരാബാദ്: മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെ തെലുങ്ക് കുടുംബങ്ങളിൽ താരമായി മാറിയ നടി ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത നിലയിൽ. ചൊവ്വാഴ്ച രാത്രിയിൽ നടിയെ ഹൈദരാബാദിലെ മധുരനഗറിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

സംഭവത്തിൽ ദേവരാജ് റെഡ്ഡി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാകിനാഡ ഗോല്ലപ്രോലു സ്വദേശിയായ ഇയാളുമായി താരം അടുപ്പത്തിലായിരുന്നു എന്ന് വിവരമുണ്ട്. ടിക് ടോക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഇയാൾ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.

അനാഥനെന്ന് പറഞ്ഞ് പരിചയപ്പെട്ട ഇയാൾ പിന്നീട് നടിയുമായി അടുക്കുകയായിരുന്നു. പണത്തിന് വേണ്ടി നടിയെ ഇയാൾ ദുരുപയോഗം ചെയ്തു. ഇരുവരും ചേർന്നുള്ള ചില വീഡിയോകൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു അതു വെച്ച് ഇയാൾ നടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് സഹോദരന്റെ ആരോപണം. എസ്ആർ നഗർ പൊലീസ് സ്റ്റേഷനിൽ ദേവരാജിനെതിരേ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

ഇയാൾക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷമായി സീരിയൽ രംഗത്ത് നിറഞ്ഞു നിന്നിരുന്ന ശ്രാവണിക്ക് അനുശോചനം രേഖപ്പെടുത്തി അനേകരാണ് സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയിട്ടുള്ളത്.